ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പൽ ആയി കഴിഞ്ഞ ദിവസം എത്തിയ എംഎസ്സി വെറോണയാണ് (MSC Verona) ഈ റെക്കോർഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. 17.1 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കപ്പലാണ് വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്തത്. ഈ സാഹചര്യത്തിൽ എന്താണ് ഡ്രാഫ്റ്റ് എന്നും തുറമുഖങ്ങളിൽ ഉയർന്ന ഡ്രാഫ്റ്റിന്റെ പ്രാധാന്യം എത്രത്തോളമെന്നും പരിശോധിക്കാം.

കപ്പലിന്റെ അടിഭാഗം വെള്ളത്തിൽ എത്രത്തോളം ആഴത്തിൽ താഴുന്നു എന്നതിനെയാണ് ഡ്രാഫ്റ്റ് എന്ന് വിളിക്കുന്നത്. കപ്പലിന്റെ അടിഭാഗം മുതൽ ജലനിരപ്പ് വരെയുള്ള ലംബമായ ദൂരമാണിത്. ഈ അളവ് കപ്പലിന്റെ വശങ്ങളിൽ അക്കങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കപ്പലിലെ ഭാരത്തിനനുസരിച്ച് ഈ അളവ് വ്യത്യാസപ്പെടും. ഭാരം കൂടുമ്പോൾ കപ്പൽ വെള്ളത്തിൽ കൂടുതൽ താഴുകയും ഡ്രാഫ്റ്റ് കൂടുകയും ചെയ്യും, ഭാരം കുറയുമ്പോൾ ഡ്രാഫ്റ്റ് കുറവായിരിക്കും.
ഡ്രാഫ്റ്റിന് കപ്പലിന്റെ യാത്രയിൽ വലിയ പ്രാധാന്യമുണ്ട്. കപ്പൽ തുറമുഖത്തേക്ക് അടുക്കുമ്പോഴോ ആഴം കുറഞ്ഞ ജലപാതകളിലൂടെ സഞ്ചരിക്കുമ്പോഴോ ഡ്രാഫ്റ്റ് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. ഡ്രാഫ്റ്റ് കൂടുതലാണെങ്കിൽ കപ്പലിന്റെ അടിഭാഗം കടലിന്റെയോ തുറമുഖത്തെ ബ്രേക്ക് വാട്ടറിന്റെയോ അടിത്തട്ടിൽ തട്ടാൻ സാധ്യതയുണ്ട്. കപ്പലിൽ എത്രത്തോളം ചരക്ക് കയറ്റാം എന്ന് തീരുമാനിക്കുന്നതിലും ഡ്രാഫ്റ്റ് പ്രധാന ഘടകമാണ്. കൂടുതൽ ഭാരം കയറ്റാൻ സാധിച്ചാൽ അത് സാമ്പത്തികമായി ഏറെ ലാഭകരമാണ്. ചുരുക്കത്തിൽ, കപ്പലിന്റെ സുരക്ഷിതമായ യാത്രയ്ക്കും, ലോഡിംഗ് ശേഷി മനസ്സിലാക്കുന്നതിനും ഡ്രാഫ്റ്റ് എന്ന അളവ് അത്യന്താപേക്ഷിതമാണ്.
കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ഒന്നര മീറ്ററിൽ കൂടുതൽ ആഴം കടലിൻ്റെ അടിത്തട്ടിലേക്ക് ഉണ്ടായിരിക്കണം എന്നതാണ് ഒരു തുറമുഖത്തെ സംബന്ധിച്ചിടത്തോളം “സേഫ് ഡ്രാഫ്റ്റ്” എന്ന് പറയുന്നത്. എങ്കിൽ മാത്രമേ കപ്പൽ ബർത്ത് ചെയ്യാനുള്ള പെർമിഷൻ ലഭിക്കുകയുള്ളൂ. എംഎസ്സി വെറോണ വിഴിഞ്ഞത്ത് ബർത്ത് ചെയ്തതോടെ വിഴിഞ്ഞത്തിന്റെ സ്വാഭാവിക ആഴം 18.6 ൽ കൂടുതലാണെന്ന് കൂടി തെളിയിക്കുകയാണ്.
ലോകത്തിൽ തന്നെ കണ്ടെയ്നർ കപ്പലുകൾക്ക് നിലവിൽ ഉള്ള ഏറ്റവും കൂടിയ റെക്കോർഡ് ഡ്രാഫ്റ്റ് കൂടിയാണ് 17.1 മീറ്റർ ആഴം. ഇത് വിഴിഞ്ഞത്തിന്റെ ആഴക്കടൽ സാധ്യതകളുടെ നേർക്കാഴ്ചയാണെന്നും തുറമുഖം ഇന്ത്യൻ തീരത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നതായും അധികൃതർ പറഞ്ഞു.
Learn what ‘draft’ means in shipping and its importance, following the record-breaking arrival of a high-draft ship at Vizhinjam Port.