ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ദേശീയ ചലച്ചിത്ര അവാർഡുകൾ ചടങ്ങിൽ ഷാരൂഖ് ഖാൻ അടക്കമുള്ള താരങ്ങൾക്ക് മികച്ച അഭിനേതാക്കൾക്കുള്ള അവാർഡുകൾ നൽകിയിരുന്നു. 2023ൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡുകളാണ് കഴിഞ്ഞ ദിവസം നൽകിയത്. ചടങ്ങിൽ, അവാർഡ് വാങ്ങാൻ വേദിയിലെത്തിയ ഒരു ബാലതാരം ഷാരൂഖ് ഖാന് ലഭിച്ചതുപോലെ തന്നെ ആർപ്പുവിളികൾ ഏറ്റുവാങ്ങി. നാൾ 2 എന്ന മറാത്തി ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ത്രീഷ തോസാർ (Treesha Thosar) ആണ് ശ്രദ്ധനേടിയത്.
ചിത്രത്തിൽ ചിമി (രേവതി) എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് ത്രീഷയെ തേടി പുരസ്കാരമെത്തിയത്. വെളുത്ത സാരി ധരിച്ച് ക്യൂട്ട് ലുക്കിൽ ചടങ്ങിനെത്തിയ ത്രീഷ പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരങ്ങൾ നേടിയ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടിക്കുള്ള പുരസ്കാര ജേതാവായ റാണി മുഖർജിയുമെല്ലാം ഹർഷാരവത്തോടെയും നിറപുഞ്ചിരിയോടെയുമാണ് ത്രീഷ പുരസ്കാരം ഏറ്റുവാങ്ങുന്നത് വീക്ഷിച്ചത്.

ത്രീഷ അവാർഡ് ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. സാരിയിൽ കുഞ്ഞുതാരം സൂപ്പർ ക്യൂട്ടാണെന്നും ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനും മികച്ച നടനുള്ള പുരസ്കാരം നേടിയ ഷാരൂഖിനും ഒപ്പം തന്നെ ത്രീഷയും മിന്നിത്തിളങ്ങിയതായും കമന്റുകൾ നിറഞ്ഞു. പുരസ്കാര നേട്ടത്തിൽ ഏറെ സന്തോഷമുള്ളതായും അവാർഡ് മഹാരാഷ്ട്രയ്ക്കും തന്റെ കുടുംബത്തിനും അഭിമാനമേകുന്നതായും ത്രീഷ സമൂഹമാധ്യമ പോസ്റ്റിലൂടെ പ്രതികരിച്ചു.
Treesha Thosar, winner of the National Award for Best Child Artist for ‘Nal 2,’ received a thunderous applause at the ceremony, matching the cheers for Shah Rukh Khan.