വാട്സാപ്പിനെ മറികടന്ന് ആപ്പ് സ്റ്റോറുകളിൽ ഒന്നാമതായിരിക്കുകയാണ് തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ (Arattai). 2021ലാണ് സോഹോ (Zoho) പരീക്ഷണാടിസ്ഥാനത്തിൽ മെസേജിങ് ആപ്പായ അറട്ടൈ പുറത്തിറക്കിയത്. തമിഴിൽ ചാറ്റ് എന്ന അർത്ഥമാണ് അറട്ടൈയ്ക്കുള്ളത്.

വാട്സാപ്പ് പോലുള്ള വൻകിട വിദേശ കമ്പനികൾ ഡാറ്റ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഭരണകൂടതലത്തിലും ഉപഭോക്താക്കൾക്കിടയിലും ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറട്ടൈ വാട്സാപ്പിനെ കടത്തിവെട്ടിയിരിക്കുന്നത്. സ്പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമിത മെസഞ്ചർ എന്നതാണ് അറട്ടൈയുടെ സവിശേഷത. ഇതിനുപുറമേ ഗവൺമെന്റ് പ്രോത്സാഹനം, സ്വകാര്യതയ്ക്ക് നൽകുന്ന പ്രാധാന്യം, സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രചാരം തുടങ്ങിയവയും അറട്ടൈയുടെ ജനപ്രിയത വർധിപ്പിക്കുന്നു.
പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് ഇന്ത്യക്കാർക്കിടയിൽ വർധിച്ചുവരുന്ന താത്പര്യമാണ് അറട്ടൈയുടെ വിജയത്തിന് വലിയ പങ്കുവഹിച്ചിരിക്കുന്നത്. ഇതിനുപുറമേ കേന്ദ്ര മന്ത്രിമാർ അടക്കമുള്ള പ്രമുഖർ പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിച്ചത് അറട്ടൈയ്ക്ക് വലിയ പ്രചാരം നൽകി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും സ്വകാര്യത ഉറപ്പുനൽകുന്നുവെന്നുമുള്ള മാതൃ കമ്പനിയായ സോഹോയുടെ (Zoho) പ്രഖ്യാപനം കൂടിയായപ്പോൾ സംഗതി വൻ ഹിറ്റായി.
വാട്ട്സ്ആപ്പിലേതു പോലുള്ള ഫീച്ചറുകൾ തന്നെയാണ് അറട്ടൈ വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ തുടങ്ങിയവ അറട്ടെയിലുണ്ട്. ചുരുക്കത്തിൽ വിദേശകമ്പകളുടെ ഡാറ്റ ചോരൽ പേടിയില്ലാതെ ഉപയോഗിക്കാവുന്ന ഇന്ത്യൻ വാട്സാപ്പ് എന്ന് അറട്ടെയെ വിശേഷിപ്പിക്കാം.
ARATTAI NO 1 APP! Zoho’s Indian messenger, Arattai, surpasses WhatsApp in app stores. It’s a spyware-free, privacy-focused alternative made in India.