ഇന്ത്യയിലും ആഗോളതലത്തിലും ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഇന്ത്യൻ രോഗികളുടെ പ്രത്യേക ജനിതക പ്രൊഫൈലുകൾക്കനുസരിച്ച് രൂപകൽപന ചെയ്ത ചികിത്സകൾക്ക് ആവശ്യമേറുകയാണ്. ഇതിന് അനുസൃതമായി വിപ്ലവകരമായ കാൻസർ ജെനോം, ടിഷ്യു ബാങ്ക് (cancer genome and tissue bank) എന്നിവ ആരംഭിച്ചിരിക്കുകയാണ് ഐഐടി-മദ്രാസ് (Madras IIT).
ഇന്ത്യയിലുടനീളമുള്ള കാൻസർ രോഗികളിൽ നിന്ന് ഏകദേശം 7000 ട്യൂമർ സാമ്പിളുകൾ ശേഖരിക്കുക എന്നതാണ് മദ്രാസ് ഐഐടിയുടെ നാഷണൽ കാൻസർ ടിഷ്യു ബയോബാങ്ക് പദ്ധതിയുടെ (National Cancer Tissue Biobank) കാതൽ. വ്യത്യസ്ത ചികിത്സകൾ പരീക്ഷിക്കുന്നതിനായി ഐഐടി-മദ്രാസിലെ ശാസ്ത്രജ്ഞർ ട്യൂമർ കോശങ്ങൾ ലാബിൽ വളർത്തുന്നു. യഥാർത്ഥ ചികിത്സ നൽകുന്നതിനുമുമ്പ് രോഗികൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് നിർണയിക്കാൻ ഈ നൂതന തന്ത്രം ഗവേഷകരെ പ്രാപ്തമാക്കുന്നു. കാൻസർ ചികിത്സയിലെ ഫലങ്ങൾ വർധിപ്പിക്കാനും പാർശ്വഫലങ്ങൾ പരിമിതപ്പെടുത്താനും ഇതിലൂടെ സാധിക്കും.
പാശ്ചാത്യ ജനസംഖ്യയെ അപേക്ഷിച്ച് ഇന്ത്യൻ രോഗികളിൽ കൂടുതലായി കാണപ്പെടുന്ന സ്തനാർബുദ മ്യൂട്ടേഷനാണ് ഐഐടി-മദ്രാസ് സംഘത്തിന്റെ സുപ്രധാന കണ്ടെത്തൽ. ഇന്ത്യ കേന്ദ്രമാക്കിയ ജനിതക പഠനങ്ങളുടെയും ചികിത്സാ രീതികളുടെയും ആവശ്യകതയെയാണ് ഇത്തരം കണ്ടെത്തലുകൾ പ്രതിഫലിപ്പിക്കുന്നത്. സ്തനാർബുദത്തിന് പുറമേ, പാൻക്രിയാറ്റിക് കാൻസറിനുള്ള ജനിതക പാനലുകൾ വികസിപ്പിക്കുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഐഐടി-മദ്രാസ് കാൻസർ ജെനോമും ടിഷ്യു ബാങ്കും പുതുതായി ആരംഭിച്ച ഭാരത് കാൻസർ ജെനോം അറ്റ്ലസ് (BCGA) ഉപയോഗിച്ച് സപ്ലിമെന്റ് ചെയ്യപ്പെടുന്നു. ഇതിൽ രാജ്യത്തുടനീളമുള്ള 480 സ്തനാർബുദ രോഗികളുടെ ജെനോമിക് വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഇന്ത്യയലെ സ്തനാർബുദ കേസുകളിൽ പ്രത്യേകമായി ജനിതക മ്യൂട്ടേഷനുകളെക്കുറിച്ച് ഗവേഷകർക്കും ക്ലിനിക്കുകൾക്കും ബിസിജിഎ ഡാറ്റാബേസ് ഉൾക്കാഴ്ച നൽകും. ഈ ഡാറ്റാബേസ് ഓപ്പൺ ആക്‌സസ് ആയിരിക്കും.
ആഗോള ഡാറ്റയും ഇന്ത്യൻ ഡാറ്റയും സംയോജിപ്പിച്ചുകൊണ്ട്, പാൻക്രിയാറ്റിക് കാൻസറിനെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിർണയിക്കാൻ കഴിയുന്ന മാർക്കറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. പാൻക്രിയാറ്റിക് ക്യാൻസർ രോഗികളിൽ അതിജീവന നിരക്ക് ഗണ്യമായി വർധിപ്പിക്കാൻ കഴിയുന്ന രക്തത്തെ അടിസ്ഥാനമാക്കിയുള്ള മാർക്കറുകളുടെ കണ്ടെത്തലും പദ്ധതിയുടെ ഭാഗമായി നടത്തും.
IIT Madras launches a revolutionary Cancer Genome and Tissue Bank to collect 7,000 tumor samples and develop precise treatments for Indian patients.