ലാൻഡ് പൂളിംഗ് വഴി എ.ഐ ടൗൺഷിപ്പ്ഒരുങ്ങുന്നു
കേരളത്തിന്റെ ഐ.ടി. മേഖലയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കൊച്ചി ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന് തുടക്കം കുറിക്കുന്നു. നൂതനമായ ‘ലാൻഡ് പൂളിംഗ്’ മാതൃകയിലൂടെ എറണാകുളം ജില്ലയിൽ 300 ഏക്കറിലധികം വിസ്തൃതിയിൽഒരു ആഗോള നിലവാരമുള്ള“ഇന്റഗ്രേറ്റഡ് എ.ഐ ടൗൺഷിപ്പ്” യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.കേരള സർക്കാരിന്റെ പുതിയ ലാൻഡ് പൂളിംഗ് നിയമപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ.) ഇൻഫോപാർക്കും ഒരുമിച്ചാണ് നേതൃത്വം നൽകുന്നത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇൻഫോപാർക്കും ജിസിഡിഎ-യും സെപ്റ്റംബർ 29 ന് ധാരണപത്രം ഒപ്പിട്ടു.
ഇൻഫോപാർക്ക് ഫേസ് 3-ക്ക് വേണ്ടി ലാൻഡ് പൂളിംഗിലൂടെ ഭൂമി കണ്ടെത്തേണ്ടത് ജി.സി.ഡി.എ-യുടെ ചുമതലയാണ്. ഫേസ് ത്രീയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ഇന്‍ഫോപാര്‍ക്കിന്റെ കടമയാണ്.

പദ്ധതിയുടെ വിവിധഘട്ടങ്ങൾ
ജി.സി.ഡി.എ.യുമായി ഇൻഫോപാർക്ക് ധാരണാപത്രം ഒപ്പിടുന്നത് ലാൻഡ് പൂളിംഗ് പദ്ധതിയുടെ ആദ്യ ഘട്ടമാണ്. ഇതിനുശേഷം സാധ്യത പഠനം, സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷനുകൾ, പ്രാഥമിക സർവേകൾ, മാസ്റ്റർ പ്ലാനിംഗ്, വിശദമായ പദ്ധതി റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കും. ജി.സി.ഡി.എ. ലാൻഡ് പൂളിംഗ് പ്രക്രിയക്ക് നേതൃത്വം നൽകുമെങ്കിലും, പദ്ധതിയുടെ ഉടമസ്ഥത ഇൻഫോപാർക്കിനായിരിക്കും. ലാൻഡ് പൂളിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ജി.സി.ഡി.എ.യും ഇൻഫോപാർക്കും ചേർന്ന് ഒരു വർഷത്തിനുള്ളിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
സ്ഥലത്തിന്റെ മാസ്റ്റര്‍ പ്ലാനിംഗ്, ഐടി കമ്പനികളെ ആകര്‍ഷിക്കൽ, മാര്‍ക്കറ്റിംഗ് തുടങ്ങിയവയും ഇന്‍ഫോപാര്‍ക്കിന്റെ ഉത്തരവാദിത്തമാണ്.
ലാന്‍ഡ് പൂളിംഗിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് ഇന്‍ഫോപാര്‍ക്ക് ജിസിഡിഎയ്ക്ക് നല്‍കണം.
ലാൻഡ് പൂളിംഗ്: വികസനത്തിന് വേഗം കൂട്ടാൻ ഒരു നൂതന സമീപനം
പരമ്പരാഗത ഭൂമി ഏറ്റെടുക്കൽ രീതികളിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി, വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാൻഡ് പൂളിംഗ്. ഇതിലൂടെ, ഭൂമിസർക്കാർ ഏറ്റെടുക്കുന്നതിന് പകരം, സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ട് ഭൂമികൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു. ഈ ഭൂമിയിൽ റോഡുകൾ, IT പാർക്കുകൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ആസൂത്രിതമായ വികസനം നടത്തുന്നു. അതിനുശേഷം, ഈ വികസിപ്പിച്ച ഭൂമിയുടെ ഒരു ഭാഗം അടിസ്ഥാന സൗകര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം, ബാക്കിയുള്ള ഭാഗം ഭൂമിയുടെ മൂല്യവർദ്ധനയോടെ ഭൂവുടമകൾക്ക് തിരികെ നൽകുന്നു. ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം വികസിപ്പിച്ച ഭൂമിയുടെ മൂല്യം പല മടങ്ങ് വർദ്ധിക്കുന്നു എന്നതാണ്. ഇത് ഭൂവുടമകൾക്ക് വലിയ സാമ്പത്തിക നേട്ടം നൽകും.
സ്ഥലം കണ്ടെത്തുക, ഭൂവുടമകളുമായി ചര്‍ച്ചകൾ നടത്തുക, സര്‍വേ ജോലികൾ, അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ട പ്രവൃത്തികൾ നടത്തി വികസിപ്പിച്ച പ്ലോട്ടുകളാക്കാനുള്ള നടപടികള്‍, അവ തിരികെ ഭൂവുടമകളുടെ ഉടമസ്ഥാവകാശത്തിലേക്ക് നല്കൽ തുടങ്ങിയവയെല്ലാം ജിസിഡിഎയുടെ ചുമതലയാണ്. കേരള ലാന്‍ഡ് പൂളിംഗ് ചട്ടങ്ങള്‍ പ്രകാരമാണ് നടപടികളെന്ന് കര്‍ശനമായി ഉറപ്പു വരുത്തേണ്ടതും ജിസിഡിഎ ആണ്.
ഇൻഫോപാർക്ക് ഫേസ് 3: ഒരു ഇന്റഗ്രേറ്റഡ് എ.ഐ. ടൗൺഷിപ്പ്(Integrated AI Township)
കൊച്ചിയുടെ അതിവേഗ വളർച്ചയും നിലവിലുള്ള ഇൻഫോപാർക്ക് കാമ്പസുകളിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് ഇൻഫോപാർക്ക് മൂന്നാം ഘട്ടമെന്ന പേരിൽ 300 ഏക്കറിലധികം വിസ്തൃതിയിൽ ഈ പദ്ധതിക്ക് രൂപം നൽകിയത്. ഇത് വെറുമൊരു ഐ.ടി. പാർക്ക് വികസനമല്ല, മറിച്ച് ‘ഇന്റഗ്രേറ്റഡ് എ.ഐടൗൺഷിപ്പ്’ എന്ന ആഗോള സങ്കൽപ്പത്തിൽ ഒരുങ്ങുന്ന ഒരു സാങ്കേതിക കേന്ദ്രമാണ്. ഇത് ആഗോള ടെക് കമ്പനികളെയും, ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജി.സി.സി) മേഖലയിലെ മുൻനിര കമ്പനികളെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ഏകദേശം 2,00,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 4,00,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ ആദ്യത്തെ എ.ഐ. ടൗൺഷിപ്പ് (Kerala’s first AI Township):ഇൻഫോപാർക്ക് മൂന്നാം ഘട്ടം ഒരു സാധാരണ ടൗൺഷിപ്പ് എന്നതിലുപരി കേരളത്തിന്റെ ആദ്യത്തെ എ.ഐ. ടൗൺഷിപ്പ്ആയി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
1. സുസ്ഥിരത (Sustainability)
2. കാർബൺ നെഗറ്റിവിറ്റി (Carbon Negativity):എ.ഐ. നിയന്ത്രിത ഊർജ്ജ സംവിധാനങ്ങളിലൂടെയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെയും നഗരം കാർബൺ നെഗറ്റീവായി നിലനിർത്താൻ ശ്രമിക്കും.
3. വാട്ടർ പോസിറ്റിവിറ്റി (Water Positivity):മഴവെള്ള സംഭരണം, റോവാട്ടർ റീസൈക്ലിംഗ് തുടങ്ങിയ സംവിധാനങ്ങളിലൂടെ നഗരം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ജലം സംഭരിച്ച് ജലസുരക്ഷ ഉറപ്പാക്കും.
4. സീറോ വേസ്റ്റ് (Zero Waste): എ.ഐ. അടിസ്ഥാനമാക്കിയുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
5. കണക്റ്റിവിറ്റി (Connectivity): കൊച്ചി നഗരം, ദേശീയപാത, റെയിൽവേ, മെട്രോ, വിമാനത്താവളം തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി.
6. ആക്സിസിബിലിറ്റി&ഇൻക്ലൂസിവിറ്റി (Accessibility & Inclusivity): എല്ലാ വിഭാഗം ആളുകൾക്കും എളുപ്പത്തിൽ എത്തിച്ചേരാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്യുന്നു.
7. മെയിൻ്റെനബിലിറ്റി(Maintainability): ദീർഘകാലം നിലനിൽക്കുന്നതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു.
8. സുരക്ഷ (Security): എ.ഐ. ഡ്രിവൺ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് 24/7 സുരക്ഷ ഉറപ്പു വരുത്തും.
9. സാങ്കേതിക വിദ്യ സംയോജനം (Technology Integration): എല്ലാ പ്രവർത്തനങ്ങൾക്കും എ.ഐ. ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ട്രാഫിക്, മാലിന്യ സംസ്കരണം, പൗര സേവനങ്ങൾ തുടങ്ങിയവ.
എല്ലാ മേഖലകളിലും എ.ഐ. (AI in all sectors)
അർബൻ സിറ്റി ബ്രെയിൻ:എല്ലാ നഗര പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് തത്സമയ ഡാറ്റ വിശകലനത്തിലൂടെ പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് പരിഹാരങ്ങൾ കണ്ടെത്തും.
വൈവിധ്യമാർന്ന എ.ഐ. സാന്നിധ്യം:റെസിഡൻഷ്യൽ, വാണിജ്യ, റീട്ടെയിൽ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ എല്ലാ മേഖലകളിലും എ.ഐ.യുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും.
ഐടി കെട്ടിടങ്ങള്‍ക്ക് പുറമെ പാര്‍പ്പിട സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക-സാംസ്ക്കാരിക സംവിധാനങ്ങൾ, ലോകോത്തര ബ്രാന്‍ഡുകളും ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ബ്രാന്‍ഡുകളെയും സ്മന്വയിപ്പിച്ച ഷോപ്പിംഗ് മാളുകൾ, ആംഫി തിയേറ്റര്‍, ആധുനിക ആശുപത്രി, ബഹുനില പാര്‍ക്കിംഗ് സംവിധാനം, തടാകങ്ങള്‍, തുറസ്സായിടം തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന ആധുനിക സൗകര്യങ്ങളാണ് ഫേസ് ത്രീയിൽ ഒരുക്കുന്നത്.
ജി.സി.ഡി.എ – ഇൻഫോപാർക്ക് പദ്ധതി: ഒരു മാതൃക
പദ്ധതിയുടെ വ്യാപ്തി:എറണാകുളം ജില്ലയിൽ 300 ഏക്കറിലധികം ഭൂമിയാണ് ലാൻഡ് പൂളിംഗ് വഴി കണ്ടെത്താൻ ഉദ്ദേശിക്കുന്നത്.
ലക്ഷ്യങ്ങൾ:ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും 2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
നടപടിക്രമങ്ങൾ:ലാൻഡ് പൂളിംഗ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ 75% ഉടമസ്ഥരുടെ സമ്മതം ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂ. ഇതിനായി ഭൂവുടമകളുമായി ചർച്ച നടത്താനും പദ്ധതിയുടെ നേട്ടങ്ങൾ അവരെ ബോധ്യപ്പെടുത്താനും ജി.സി.ഡി.എ. നടപടികൾ ആരംഭിച്ചു.75% ഭൂവുടമകളുടെ സമ്മതം ലഭിക്കാത്തപക്ഷം അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
ഈ എ.ഐസംയോജിത ടൗൺഷിപ്പ് കേരളത്തിലെ യുവാക്കൾക്ക് അത്യാധുനിക സാങ്കേതിക മേഖലയിൽ തൊഴിൽ നേടാൻ വഴിയൊരുക്കും. ലാൻഡ് പൂളിംഗ് നിയമങ്ങൾ നിലവിൽ വന്നതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മറ്റ് വികസന അതോറിറ്റികൾക്കും ഇനി മുതൽ ഈ രീതി അവലംബിച്ച് പ്രാദേശിക വികസന പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കും. ഇത് കേരളത്തിന്റെ വിവിധ വികസന മേഖലകളിൽ ഒരു പുതിയ അധ്യായം കുറിക്കും.
ഇൻഫോപാർക്ക് ഫേസ് ത്രീയ്ക്കൊപ്പം ഇൻഫോപാർക്ക് ഫേസ് ഫോറിന്റെയും സ്ഥലമേറ്റെടുക്കലിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ലോക സമൂഹം ഉറ്റുനോക്കുന്ന ഐടി ആവാസവ്യവസ്ഥയായി കൊച്ചി മാറാന്‍ പോവുകയാണ്.
ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Infopark Kochi has launched Phase 3 to create Kerala’s first integrated AI township, combining smart offices, residential spaces, educational institutions, healthcare facilities, and sustainable infrastructure. Using a land-pooling model, the project aims to attract global tech companies and GCCs, generate thousands of jobs, and position Kochi as a leading IT and innovation hub. The township will leverage AI across sectors for energy, water, waste management, security, and city services, while ensuring connectivity, inclusivity, and long-term maintainability, marking a major step in Kerala’s journey toward a knowledge-driven economy.