‘ആത്മനിർഭർ ഭാരത്’ കാമ്പെയ്നിന്റെ തരംഗത്തിനിടയിലും സമീപ മാസങ്ങളിലെ മുന്നേറ്റങ്ങൾക്കിടയിലും കമ്പനി പൊതുവിപണിയിലേക്ക് പ്രവേശിക്കില്ലെന്ന് സോഹോ (Zoho) സഹസ്ഥാപകൻ ശ്രീധർ വെമ്പു (Sridhar Vembu). സോഹോയെ ‘വ്യാവസായിക ഗവേഷണ ലാബ്’ എന്ന് വിശേഷിപ്പിച്ച വെമ്പു, കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (IPO) ആരംഭിച്ചിരുന്നെങ്കിൽ അറട്ടൈ (Arattai) പോലുള്ള ഉത്പന്നങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.

സോഹോയെ പബ്ലിക് ആയി പുറത്തിറക്കാനുള്ള പ്രേരണ മനസ്സിലാക്കുന്നു. പക്ഷേ ക്വാർട്ടർലി സാമ്പത്തിക സമ്മർദം നേരിടുന്ന പൊതു കമ്പനിക്ക് അറട്ടൈ നിർമിക്കാൻ സാധ്യമാകുമായിരുന്നില്ല എന്ന് വെമ്പു എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
അതേസമയം അറട്ടൈ മെസേജിംഗ് ആപ്പിനെ എഡൽവീസ് മ്യൂച്വൽ ഫണ്ട് (Edelweiss Mutual Fund) മേധാവി രാധിക ഗുപ്ത (Radhika Gupta) അഭിനന്ദിച്ചു. വാട്ട്സ്ആപ്പിന് പകരമായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് അറട്ടൈയെ അഭിനന്ദിച്ച അവർ നേട്ടത്തെ ലോകോത്തര ഇന്ത്യൻ ബ്രാൻഡുകളുടെ ഉദയം എന്നാണ് വിശേഷിപ്പിച്ചത്. നേരത്തെ പെർപ്ലെക്സിറ്റി എഐ (Perplexity AI) സിഇഒ അരവിന്ദ് ശ്രീനിവാസും (Aravind Srinivas) അറട്ടൈയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.
Zoho founder Sridhar Vembu confirms the company won’t pursue an IPO, stating quarterly pressure would have stifled innovation like the Arattai messaging app.