സമ്പത്തിന്റെ കാര്യത്തിൽ അമ്പരിപ്പിക്കുന്ന മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ടെസ്ല (Tesla) സിഇഒ ഇലോൺ മസ്ക് (Elon Musk). ഫോർബ്സിന്റെ കണക്ക് പ്രകാരം, ഏകദേശം 500 ബില്യൺ യുഎസ് ഡോളറിലധികം സമ്പാദ്യമുള്ള ചരിത്രത്തിലെതന്നെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് മസ്ക്. ടെസ്ലയുടെ ഓഹരികളിലെ കുത്തനെയുള്ള തിരിച്ചുവരവും റോക്കറ്റ് നിർമാതാക്കളായ സ്പേസ് എക്സ് (SpaceX) മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് എക്സ്എഐ (xAI) വരെയുള്ള അദ്ദേഹത്തിന്റെ മറ്റ് കമ്പനികളുടെ മൂല്യനിർണയത്തിലെ വർധനയുമാണ് വൻ കുതിച്ചുചാട്ടത്തിനു പിന്നിൽ.

നിലവിൽ ടെസ്ല തന്നെയാണ് മസ്കിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ ചാലകശക്തി. ഇലക്ട്രിക് കാർ നിർമാതാക്കളായ കമ്പനിയുടെ ഓഹരികൾ ഈ വർഷം 14 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം ഏകദേശം 4 ശതമാനം വർധനയാണ് ടെസ്ല ഓഹരികളിൽ ഉണ്ടായത്. ഈ ഒറ്റ ദിവസത്തെ വളർച്ച മാത്രം മസ്കിന്റെ സ്വകാര്യ സമ്പത്തിലേക്ക് 7 ബില്യൺ യുഎസ് ഡോളറിലധികം ചേർത്തതായി ഫോർബ്സ് ഡാറ്റയിൽ പറയുന്നു.
ഒറാക്കിൾ (Oracle) സ്ഥാപകൻ ലാറി എലിസണാണ് (Larry Ellison), ഫോർബ്സ് പട്ടികയിൽ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി. ഏകദേശം 351.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
Elon Musk becomes the first person to hit a $500 Billion net worth, fueled by Tesla, SpaceX, and xAI growth, according to Forbes.