ലോകത്തിന്റെ ആഢംബര തലസ്ഥാനം എന്നാണ് ദുബായ് അറിയപ്പെടുന്നത്. ഇതോടൊപ്പം ആഗോള സമ്പന്നരുടെ പ്രധാന കേന്ദ്രം കൂടിയാണ് ദുബായ്. ദുബായിലെ ഏറ്റവും ധനികനായ വ്യക്തി എമിറാത്തിയല്ല, മറിച്ച് റഷ്യയിൽ ജനിച്ച ടെക് സംരംഭകനാണ്-ടെലഗ്രാം (Telegram) സ്ഥാപകനായ സാക്ഷാൽ പാവൽ ഡ്യൂറോവ് (Pavel Durov) ആണ് ആ അതിസമ്പന്നൻ. ഫോർബ്സ് പട്ടിക പ്രകാരം 17.1 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

1984 ഒക്ടോബർ 10ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ച പാവൽ വലേരിവിച്ച് ഡ്യൂറോവ് സെന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോളജിയിൽ ബിരുദം നേടി. വെറും 22 വയസ്സിൽ അദ്ദേഹം റഷ്യയിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ VKontakte (VK.com) സ്ഥാപിച്ചു. അതേ കാലയളവിൽ തന്നെ അദ്ദേഹം സൗജന്യമായി ഉപയോഗിക്കാവുന്ന എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാമും സ്ഥാപിച്ചു. നൂതനാശയങ്ങളും ബിസിനസ് വൈദഗ്ധ്യവും കൊണ്ട് റഷ്യയുടെ സക്കർബർഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
എന്നാൽ രാഷ്ട്രീയ-ബിസിനസ് പ്രശ്നങ്ങൾ കാരണം വികെയിലെ തന്റെ ഓഹരികൾ വിറ്റ് റഷ്യ വിടാൻ അദ്ദേഹം നിർബന്ധിതനായി. പിന്നീട് 2018 മുതൽ 2021 വരെ റഷ്യയിൽ ടെലഗ്രാം നിരോധിച്ചു. ടെലഗ്രാം പൂർണമായും ഡ്യൂറോവിന്റെ ഉടമസ്ഥതയിൽ തുടരുന്നതിനാൽ അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രാഥമിക ഉറവിടമായി ആപ്പ് മാറി.
യുഎഇയുടെ നികുതി സൗഹൃദ നയങ്ങളിലും കോസ്മോപൊളിറ്റൻ ജീവിതശൈലിയിലും ആകൃഷ്ടനായാണ് ഡ്യൂറോവ് 2017ൽ ദുബായിൽ സ്ഥിരതാമസമാക്കിയത്. നിലവിൽ ജുമൈറ ഐലൻഡ്സിലെ 15000 ചതുരശ്ര അടി വിസ്തൃതിയുള്ള ആഢംബര മാളികയിലാണ് അദ്ദേഹം താമസിക്കുന്നത്. ദുബായ് തന്റെ ആഗോള ബിസിനസ് പ്രവർത്തനങ്ങൾക്ക് സുരക്ഷിതമായ അടിത്തറ നൽകുന്നതായും ബില്യണേർ പദവിക്ക് അനുയോജ്യമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നതായും അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
Meet Pavel Durov, the Russian-born founder of Telegram & VKontakte, and Dubai’s wealthiest resident with a $17.1 billion net worth.