ഇന്ത്യയിലെ സമ്പന്ന വനിതകളിൽ ഒന്നാം സ്ഥാനം നേടി എച്ച്സിഎൽ ടെക്നോളജീസ് (HCL Technologies) ചെയർപേർസൺ റോഷ്‌നി നാടാർ (Roshni Nadar Malhotra). ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും എം3എമ്മുമായി ചേർന്ന് പുറത്തിറക്കിയ 2025ലെ എം3എം ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് (Hurun India Rich List 2025) ഏറ്റവും സമ്പന്ന വനിതയായി റോഷ്‌നി നാടാർ മാറിയത്. 2.84 ലക്ഷം കോടി രൂപ ആസ്തിയുമായി റോഷ്നി ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തികളിൽ മൂന്നാമതാണ്.
ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്ന് പേരുടെ പട്ടികയിൽ ഒരു വനിത ഇടം നേടുന്നത് ഇതാദ്യമാണ്. 44 വയസ്സുള്ള റോഷ്‌നി നാടാർ മൽഹോത്ര, ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള അവരുടെ ചുവടുവെയ്പ് ഇന്ത്യയിലെ കോർപറേറ്റ് ലോകത്തെ വനിതാ നേതാക്കളുടെ ഉയർച്ചയെ അടിവരയിടുന്നതുകൂടിയാണ്.
എച്ച്‌സിഎൽ ഗ്രൂപ്പിലെ പിന്തുടർച്ചാവകാശം ലഭിച്ചതോടെയാണ് റോഷ്‌നി നാടാറിന്റെ ആസ്തി കുതിച്ചുയർന്നത്. പിതാവ് ശിവ് നാടാറിന്റെ (Shiv Nadar) ഓഹരിയുടെ 47% ആണ് റോഷ്‌നി നാടാർക്ക് ലഭിച്ചത്. ഇതിന് മുൻപ് എച്ച്‌സിഎൽ കോർപറേഷനിലെ 51% ഓഹരികൾ സ്ഥാപകനായ ശിവ് നാടാർ കൈവശം വെച്ചിരുന്നു. പിതാവിന്റെ ഓഹരികൾ ലഭിച്ചതോടുകൂടി അംബാനിക്കും അദാനിക്കും പിന്നിൽ ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്ന വ്യക്തിയായി റോഷ്നി മാറി.
ശിവ് നാടാർ, കിരൺ നാടാർ ദമ്പതികളുടെ മകളായ റോഷ്‌നി നാടാർ ഡൽഹി വസന്ത് വാലി സ്കൂൾ, യുഎസ്സിലെ നോർത്ത് വെസ്റ്റേൺ സർവകലാശാല, കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെൻറ് എന്നിവിടങ്ങളിലായാണ് പഠിച്ചത്. മാധ്യമ പ്രവർത്തനത്തിൽ ബിരുദം നേടിയ റോഷ്നി ലണ്ടനിലെ സ്കൈ ന്യൂസിലും സിഎൻഎന്നിലും ജോലി ചെയ്ത ശേഷമാണ് എച്ച്സിഎല്ലിലേക്ക് എത്തുന്നത്.
ഇരുപത്തിയേഴാമത്തെ വയസ്സിൽ റോഷ്നി എച്ച്സിഎല്ലിൻറെ സിഇഓയായി. എച്ച്സിഎൽ ഹെൽത്ത് കെയർ വൈസ് ചെയർമാനായ ശിഖർ മൽഹോത്രയാണ് റോഷ്നിയുടെ ഭർത്താവ്.
Roshni Nadar is India’s Richest Woman (₹2.84 L Cr) and 3rd richest person overall, following a boost in her net worth from HCL succession.