യുഎഇയിലുടനീളം ട്രെയിനിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് (Etihad Rail) 2026ൽ ആരംഭിക്കും. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഗതാഗത പ്രദർശനമായ ‘ഗ്ലോബൽ റെയിൽ 2025ലാണ്’ (Global Rail conference) പ്രഖ്യാപനം. യുഎഇയുടെ സ്വപ്‌ന പദ്ധതിയായ എത്തിഹാദ് റെയിലിന്റെ മാപ്പും പുറത്തിറക്കിയിട്ടുണ്ട്.
എത്തിഹാദ് റെയിൽ യാഥാർഥ്യമാകുന്നതോടെ വിവിധ എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം വലിയ രീതിയിൽ കുറയും. ദുബായ് മെട്രോ, ബസ് സ്‌റ്റേഷനുകൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് പാസഞ്ചർ ട്രെയിൻ സർവീസ്. ദേശീയ റെയിൽ ശൃംഖലയിലെ സ്റ്റേഷനുകളെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ഡിപ്പോകൾ, ചരക്ക് ടെർമിനലുകൾ, പാസഞ്ചർ സ്റ്റേഷനുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അബുദാബിയിലെ സില പാസഞ്ചർ സ്റ്റേഷനിൽ നിന്നാണ് ശൃംഖല ആരംഭിക്കുന്നത്. ഇത് വടക്കോട്ട് അൽ ധന്ന പാസഞ്ചർ സ്റ്റേഷൻ, റുവൈസ് ഐലൻഡ്, റുവൈസ് തുറമുഖ ചരക്ക് ടെർമിനൽ വരെ നീളുന്നതാണ്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി നാല് സ്റ്റേഷനുകളുടെ നിർമാണം ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. എത്തിഹാദ് റെയിൽ യുഎഇയുടെ സാമ്പത്തിക മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതിന് പുറമേ മൂന്ന് വിഭാഗം ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് എന്നീ വിഭാഗങ്ങളിലുള്ള ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചു.
etihad rail unveiled the map for its passenger service, set to start in 2026, connecting major uae emirates including dubai and abu dhabi.