ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി (Lionel Messi). ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന ജനങ്ങളുള്ള ഇന്ത്യയിലേക്ക് വീണ്ടും എത്താനുള്ള ക്ഷണം വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മെസ്സി പറഞ്ഞു. ഇന്ത്യാ ഗോട്ട് ടൂർ 2025ൽ പങ്കെടുക്കുമെന്നാണ് മെസ്സി സ്ഥിരീകരിച്ചിരിക്കുന്നത്. “ഫുട്ബോൾ അഭിനിവേശമുള്ള രാഷ്ട്രം” എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച മെസ്സി, 14 വർഷങ്ങൾക്കു ശേഷം രാജ്യം വീണ്ടും സന്ദർശിക്കാൻ അവസരം ലഭിച്ത് അഭിമാനമാണെന്നും വ്യക്തമാക്കി.
ഫുട്ബോൾ ഇതിഹാസത്തിന്റെ സന്ദർശനത്തിന്റെ വിശദമായ രൂപം കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ സംഘാടകർ പുറത്തുവിട്ടിരുന്നു. എന്നാൽ, സന്ദർശനം മെസ്സി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഡിസംബർ 13ന് കൊൽക്കത്തയിലാണ് ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ-2025’ ന് തുടക്കമാവുക. മെസ്സിയുടെ പ്രദർശന മൽസരം, കലാവിരുന്നുകൾ തുടങ്ങിയവ വിവിധ നഗരങ്ങളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബർ 13ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഗോട്ട് കൺസേർട്ട്, ഗോട്ട് കപ്പ് എന്നീ പരിപാടികളിൽ മെസ്സി പങ്കെടുക്കും. തുടർന്ന് മുംബൈയിലും താരം പ്രദർശന മത്സരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ലോകകപ്പ് ജേതാക്കളായ അർജന്റീന ദേശീയ ഫുട്ബോൾ ടീം നവംബറിലെ ഫിഫ അന്താരാഷ്ട്ര വിൻഡോയുടെ ഷെഡ്യൂളിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന ലോക ചാമ്പ്യന്മാർ നവംബർ 10 മുതൽ 18 വരെയാണ് കേരളത്തിൽ സൗഹൃദ മത്സരം കളിക്കുക. എന്നാൽ മെസ്സി കേരളത്തിലെ മത്സരത്തിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
football legend lionel messi confirms he will visit india in 2025 for the india goat tour, calling the country a “football passionate nation.” |