ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിനെ വരവേൽക്കാനായുള്ള കൊച്ചിയിലെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നവംബർ മാസം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയടക്കം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിക്കുന്നതിനുള്ള രൂപരേഖ യോഗം തയ്യാറാക്കി. പാർക്കിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം, വൈദ്യുതി സുരക്ഷ, കുടിവെള്ള വിതരണം, മാലിന്യ നിർമാർജന നടപടികൾ എന്നിവ ഏർപ്പാടാക്കും.
വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി എ. ജയതിലക് അധ്യക്ഷനായ പാനൽ പരിപാടിയുടെ മാസ്റ്റർ പ്ലാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. എറണാകുളം ജില്ലാ കളക്ടർ ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കുകയും ചീഫ് സെക്രട്ടറിയുടെ കമ്മിറ്റിക്ക് തത്സമയം റിപ്പോർട്ട് നൽകുകയും ചെയ്യും.
കായിക മന്ത്രി വി. അബ്ദുറഹ്മാൻ, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
cm pinarayi vijayan chaired a meeting to discuss preparations for the argentina football match in kochi in november, focusing on stadium renovation and security.