സോളാർ ബോട്ടുകളുടെ നിർമാണത്തിൽ ലോക ശ്രദ്ധ നേടിയ സ്റ്റാർട്ടപ്പാണ് കൊച്ചി ആസ്ഥാനമായ നവാൾട് ഗ്രൂപ്പ് (Navalt Group). നവാൾട്ടിന്റെ സംരംഭകയാത്രയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഭാവിവളർച്ചയെക്കുറിച്ചും സംസാരിക്കുകയാണ് കമ്പനി സ്ഥാപകനും സിഇഓയുമായ സന്ദിത്ത് തണ്ടാശേരി (Sandith Thandasherry). ചാനൽ അയാം ‍ഡോട്ട് കോമിന്റെ ഫൗണ്ടേഴ്സ് സീരീസ് ആയ, സംരംഭമാണ് എന്റെ ലഹരി എന്ന ക്യാംപയിനിൽ പങ്കെടുത്തുകാണ്ടാണ് സന്ദിത് സംരംഭക യാത്ര തുറന്നുപറഞ്ഞത്.

നേവൽ ആർക്കിടെക്റ്റായ സന്ദീപ് തിരുവനന്തപുരം വിഎസ്എസ്സി സെൻട്രൽ സ്കൂളിലാണ് (VSSC Central School) പഠിച്ചത്. അക്കാലത്താണ് സയൻസ്-എഞ്ചിനീയറിങ് വിഷയത്തിലേക്ക് അടുപ്പം തോന്നിത്തുടങ്ങിയത്. പിന്നീട് ഐഐടി മദ്രാസ്സിൽ എഞ്ചിനീയറിങ് പൂർത്തിയാക്കി. പഠനകാലത്തുതന്നെ ബോട്ട് നിർമാണ കേന്ദ്രം ആരംഭിക്കണം എന്ന ആഗ്രഹമുണ്ടായി. സംരംഭകൻ എന്ന നിലയിലുള്ള ആദ്യ ആലോചന അതായിരുന്നു. പിന്നീട് ഗുജറാത്തിലും സൗത്ത് കൊറിയയിലും ജപ്പാനിലുമെല്ലാം സന്ദീപ് കപ്പൽനിർമാണ മേഖലയിൽ പ്രവർത്തിച്ചു. ഇതെല്ലാം സാങ്കേതികമായി വലിയ അറിവുകൾ സമ്മാനിച്ചു. എന്നാലപ്പോഴും സ്വന്തം സംരംഭമെന്നത് സ്വപ്നമായിത്തന്നെ തുടർന്നു. സംരംഭകമോഹം മനസ്സിൽവെച്ചാണ് എംബിഎ പഠനത്തിലേക്കു കടന്നത്. അതിനുശേഷമാണ് നാട്ടിൽവന്ന് സംരംഭം തുടങ്ങാം എന്ന തീരുമാനത്തിലെത്തുന്നത്.

2013ലാണ് സന്ദീപ് നവാൾട് ആരംഭിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയത്താണ് സംരംഭത്തിലേക്ക് കടന്നത്. എന്നാലത് ഒരുകണക്കിന് ഗുണംചെയ്തതായി സന്ദീപ് പറയുന്നു. അഞ്ചു വർഷം കൺസൾട്ടിങ് മോഡിലായിരുന്നു പ്രവർത്തനം. പ്രധാനമായും ടീം നിർമിക്കാനും ഇൻഫ്രാസ്ട്രക്ചർ, ക്യാപിറ്റൽ എന്നിവയ്ക്കാക്കുമായിരുന്നു അക്കാലത്ത് ഊന്നൽ. പിന്നീട് മാനുഫാക്ചറിങ്ങിലേക്കു കടന്നു. സോഫ്റ്റ് വെയർ സ്റ്റാർട്ടപ്പുകളേക്കാൾ വ്യത്യസ്തമാണ് ഹാർഡ് വെയർ സ്റ്റാർട്ടപ്പുകളുടെ രീതി. ഫീച്ചേർസിനും സ്പെസിഫിക്കേഷനും അപ്പുറം പ്രൊഡക്റ്റ് മാർക്കറ്റ് ഫിറ്റ് രീതിക്കാണ് പ്രാധാന്യം നൽകേണ്ടത്. കസ്റ്റമറുടെ ഭാഗത്തു നിന്നും ചിന്തിച്ച് അവർക്ക് ആ ഉത്പന്നം കൊണ്ടുള്ള ഗുണം എന്താണ് എന്നതിലേക്കായിരിക്കണം മുഴുവൻ ഫോക്കസും. അത്തരമൊരു കാഴ്ചപ്പാടിലേക്ക് സന്ദീപ് എത്താൻ മൂന്ന് വർഷത്തോളം സമയമെടുത്തു.

ചെറിയ രീതിയിൽ തുടങ്ങി പതിയെ വലുതാക്കാം എന്ന നിലയിലാണ് മിക്ക പ്രൊഡക്റ്റുകളുടെയും ആദ്യ ഘട്ടത്തിലെ പ്രവർത്തനം. എന്നാൽ ഈ രീതി എല്ലാത്തിലും ബാധകമാകണം എന്നില്ല. അതുകൊണ്ട് വലിയ സോളാർ ഫെറിയിൽ നിന്നാണ് സന്ദീപും നവാൾട്ടും യാത്രയാരംഭിച്ചത്. ഡീസൽ ബോട്ടുകളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. മലിനീകരണത്തിനൊപ്പം ഇന്ധന ചിലവുമാണ് ഡീസൽ ബോട്ടുകളുടെ വലിയ പ്രശ്നം. അത് മാറ്റാനാണ് സോളാർ ബോട്ട് എന്നതിലേക്ക് നവാൾട് എത്തുന്നത്. എന്നാൽ സാധാരണ ബോട്ട് സോളാർ-ഇലക്ട്രിക് ആക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ മാറ്റങ്ങൾ വരുത്തിയുള്ള രീതി മാത്രമേ പ്രായോഗികമായിരുന്നുള്ളൂ. ആ പുതിയ രീതിയിലുള്ള ഡിസൈനിനായാണ് മൂന്ന് വർഷത്തോളം സമയം വേണ്ടി വന്നത്.

അങ്ങനെയാണ് നവാൾട് ആദിത്യ (Navalt Aditya) എന്ന ബോട്ട് ഇറക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന് നിർമിച്ചു നൽകിയ, ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറിയായ ആദിത്യ, 2017ലാണ് രംഗപ്രവേശം ചെയ്യുന്നത്. എഞ്ചിനീയറിങ് പ്രോബ്ലം ആണ് അക്കാലത്ത് കമ്പനി നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി. പ്രൊഡക്റ്റ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ടുള്ള ഈ വെല്ലുവിളി മികച്ച എഞ്ചിനീയറിങ് ടീമിനെ വാർത്തെടുത്താണ് നവാൾട് പരിഹരിച്ചത്. ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചായിരുന്നു ആദിത്യയിലേക്ക് എത്തിയത്.

നോൺ ടെക്നിക്കൽ രംഗത്താണ് കമ്പനി മറ്റൊരു വെല്ലുവിളി നേരിട്ടത്. ഡീസൽ അല്ലാത്ത ഇന്ധനം വെച്ചുള്ള ബോട്ടുകളുടെ വരവിനെ ചിലയാളുകൾ എതിർത്തിരുന്നു. ആദിത്യയുടെ കാലഘട്ടത്തിൽ തന്നെയായിരുന്നു ഈ വെല്ലുവിളിയും. ഇത്തരം ബോട്ടുകൾ കൃത്യമായി പ്രവർത്തിക്കില്ലെന്നും ഇടയ്ക്കു വെച്ചു നിന്നുപോകുമെന്നുംമെല്ലാം പ്രചരണങ്ങളുണ്ടായി. എന്നാൽ ഇത്തരം പ്രചരണങ്ങൾക്കെല്ലാം ആദിത്യ പ്രകടനത്തിലൂടെ മറുപടി പറഞ്ഞതായും ബോട്ട് കൃത്യമായി പ്രവർത്തിച്ചതോടെ അവയെല്ലാം കെട്ടടങ്ങിയതായും സന്ദീപ് ഓർമിക്കുന്നു.  
ഇതുമായി നേരിട്ട് ബന്ധപ്പെട്ടല്ലെങ്കിലും, നവാൾട്ടിന് രണ്ട് ബോട്ടുകൾ കത്തിച്ചുകളയേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നതായും ഇതെല്ലാം പുതിയ ആശയങ്ങളുമായി വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക വെല്ലുവിളികളായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.

നിലവിൽ 11 സംസ്ഥാനങ്ങളിൽ നവാൾട്ടിന്റെ സോളാർ ബോട്ടുകളുണ്ട്, രാജ്യമെങ്ങും 35 സോളാർ ബോട്ടുകൾ എന്നതിലേക്കാണ് ഇപ്പോൾ കമ്പനിയുടെ വളർച്ച. ഇന്ത്യയ്ക്കു പുറമേ കാനഡ, ഇസ്രായേൽ, മാലിദ്വീപ്, സെയ്‌ഷെൽസ് എന്നിവിടങ്ങളിലേക്കും കമ്പനി സോളാർ ബോട്ടുകൾ കയറ്റിയയക്കുന്നു. പബ്ലിക് ട്രാൻസ്പോർട്ടിനു പുറമേ വണ്ടികളും ട്രാൻസ്പോർട്ട് ചെയ്യാനാകുന്ന നിർമാണങ്ങളിലേക്കും കമ്പനി കടന്നുകഴിഞ്ഞു. ഭാവിയിൽ കപ്പലുകളിലും എല്ലാ ജലഗതാഗത സംവിധാനങ്ങളിലും പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക് കടക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കുറഞ്ഞ കാലംകൊണ്ട് നിരവധി അംഗീകാരങ്ങളും നവാൾട്ടിനെ തേടിയെത്തി. ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ടുകൾക്കു ലഭിക്കുന്ന ഗുസ്താവ് ട്രൂവെ പുരസ്കാരമാണ് (Gustave Trouvé Award) ഇതിൽ പ്രധാനം. രണ്ടുതവണ നവാൾട്ടിനെ തേടി ഈ പുരസ്കാരമെത്തി. ആദ്യം ആദിത്യയ്ക്കും പിന്നീട് ഫിഷിങ് ബോട്ടായ നവാൾട് സ്രാവിനുമാണ് (Navalt SRAV) ഈ പുരസ്കാരങ്ങൾ ലഭിച്ചത്. മികച്ച റിന്വൂവബിൾ ട്രാൻസ്പോർട്ടേഷൻ സ്റ്റാർട്ടപ്പിനുള്ള ബെർലിൻ സ്റ്റാർട്ടപ്പ് എനെർജി ട്രാൻസിഷൻ അവാർഡും (Berlin Startup Energy Transition Awards) നവാൾട് കരസ്ഥമാക്കി.

സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്തുനിന്നും കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗത്തുനിന്നുമെല്ലാം ലഭിച്ച സംരംഭക പിന്തുണയും മികച്ചതായിരുന്നുവെന്ന് സന്ദീപ് പറയുന്നു. ഇന്നും കമ്പനിയുടെ ഏറ്റവും വലിയ ക്ലയന്റുകളിൽ ഒന്നാണ് സംസ്ഥാന ഗവൺമെന്റ്. പ്രൊഡക്റ്റ് ഡെവലപ്മെന്റിൽ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നും കമ്പനിക്ക് പിന്തുണ ലഭിച്ചു. 12 വർഷങ്ങൾക്കിപ്പുറം ചെറിയ ടീമിൽനിന്നും 180 പേരുള്ള വമ്പൻ ടീം എന്നതിലേക്കാണ് നവാൾട്ടിന്റെ വളർച്ച. കേരളത്തിനു പുറമേ യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലടക്കം കമ്പനിക്ക് നിരവധി നിർമാണ കേന്ദ്രങ്ങളുമുണ്ട്

navalt group ceo sandith thandasherry shares the journey of building india’s solar boat pioneer. navalt aditya won the gustave trouvé award twice.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version