മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). വാഹനങ്ങൾ നിർത്താതെ ടോൾ അടയ്ക്കാൻ കഴിയുന്ന സംവിധാനത്തിലൂടെ ഫാസ്ടാഗും നമ്പർ പ്ലേറ്റും വഴി പണമടയ്ക്കൽ യാന്ത്രികമായി നടക്കും. ഹൈവേകളിലും എക്സ്പ്രസ് വേകളിലും നിറയുന്ന സെൻസിറ്റീവ് ഒപ്റ്റിക്കൽ ക്യാമറകൾ വഴിയാകും ടോൾ പിരിവ്.
റോഡ് കൺസഷനയർമാരുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് ദേശീയ പാതാ അതോറിറ്റി പ്രോത്സാഹിപ്പിക്കുന്ന കമ്പനിയായ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡാണ് (IHMCL) പദ്ധതി നടപ്പാക്കുക. ഉയർന്ന ശേഷിയുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR ) ക്യാമറകളും ഉപയോഗിച്ച് ഫാസ്റ്റ് ടാഗും വാഹന റജിസ്ട്രേഷൻ നമ്പറും (VRN) വായിച്ചുകൊണ്ട് ഇടപാടുകൾ സാധ്യമാക്കും. വാഹനം കടന്നുപോകുമ്പോൾ, ക്യാമറകൾ ഫാസ്ടാഗും രജിസ്ട്രേഷൻ നമ്പറും സ്കാൻ ചെയ്യും, അതിനുശേഷം ടോൾ തുക ഉടനടി കുറയ്ക്കും. അതേസമയം, ഡ്രൈവർക്ക് നിർത്താതെയും തടസ്സങ്ങളില്ലാതെയും സുഗമമായ യാത്ര ലഭിക്കും. ഇത് ഗതാഗതക്കുരുക്കും സമയനഷ്ടവും കുറയ്ക്കുക മാത്രമല്ല, ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും.
തുടക്കത്തിൽ ദേശീയ പാതാ അതോറിറ്റി നടത്തുന്ന ഹൈവേ പ്രദേശങ്ങളിലെ ഏകദേശം 25 നാഷണൽ ഹൈവേ ഫീ പ്ലാസകളിൽ പുതിയ സംവിധാനം നടപ്പിലാക്കും. ബാങ്കുകൾ ബിഡ് ചെയ്ത ഏഴോ എട്ടോ പ്രോജക്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ ടോളിംഗ് സംവിധാനത്തിന്റെ മുഖച്ഛായ മാറ്റാൻ എംഎൽഎഫ്എഫ് സംവിധാനത്തിന് കഴിയുമെന്ന് എൻഎച്ച്എഐ ചെയർമാൻ സന്തോഷ് കുമാർ യാദവ് പറഞ്ഞു. ഉപയോക്തൃ സൗഹൃദവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനമാണിതെന്നും വരും ദിവസങ്ങളിൽ രാജ്യമെമ്പാടും ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
nhai starts implementing multi-lane free flow (mlff) tolling, allowing vehicles to pay toll without stopping using fastag and anpr cameras, reducing queues.