അമേരിക്കൻ കസ്റ്റംസ് തീരുവയിലെ മാറ്റങ്ങൾ കാരണം നിർത്തിവെച്ച തപാൽ സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ പോസ്റ്റ്. എക്സ്പ്രസ് മെയിൽ സർവീസ്, എയർ പാഴ്സലുകൾ, റജിസ്റ്റർ ചെയ്ത കത്തുകൾ, ട്രാക്ക് ചെയ്ത പാക്കറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന യുഎസ്സിലേക്കുള്ള സേവനങ്ങൾ ഒക്ടോബർ 15 മുതൽ പുനരാരംഭിക്കും. പോസ്റ്റ് ഓഫീസുകൾ, അന്താരാഷ്ട്ര ബിസിനസ് സെന്ററുകൾ തുടങ്ങിയവയിൽ നിന്നുള്ള സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ആശയവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് (DoP) അറിയിച്ചു.

ഇന്ത്യാ പോസ്റ്റ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) നിയമങ്ങൾക്ക് അനുസൃതമായി പുതിയ ഡെലിവറി ഡ്യൂട്ടി പെയ്ഡ് (DDP) സംവിധാനം സ്വീകരിക്കും. പ്രഖ്യാപിത ഫ്രീ-ഓൺ-ബോർഡ് (FOB) മൂല്യത്തിന്റെ 50% നിരക്കിലുള്ള ബാധക കസ്റ്റംസ് തീരുവകൾ ബുക്കിംഗ് സമയത്ത് ഇന്ത്യയിൽ നിന്ന് ശേഖരിച്ച്, യോഗ്യതയുള്ള അംഗങ്ങളിലൂടെ നേരിട്ട് സിബിപിയിലേക്ക് അയയ്ക്കും. ഇതിന് ഉപഭോക്താക്കൾ അധിക ചാർജ് നൽകേണ്ടതില്ല. $100 വരെ മൂല്യമുള്ള കത്തുകൾ, രേഖകൾ, സമ്മാനങ്ങൾ എന്നിവ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. പുതിയ തീരുവ ഘടന കയറ്റുമതിക്കാരുടെ ചിലവ് ഗണ്യമായി കുറയ്ക്കുമെന്നും, എംഎസ്എംഇകൾ, കരകൗശല വിദഗ്ധർ, ചെറുകിട വ്യാപാരികൾ, ഇ-കൊമേഴ്സ് കയറ്റുമതിക്കാർ എന്നിവർക്ക് തപാൽ ചാനലിനെ കൂടുതൽ താങ്ങാനാവുന്നതും മത്സരാധിഷ്ഠിതവുമായ ലോജിസ്റ്റിക് ഓപ്ഷനാക്കി മാറ്റുമെന്നും തപാൽ വകുപ്പ് വ്യക്തമാക്കി.
നേരത്തെ, അമേരിക്കയുടെ പുതിയ കസ്റ്റംസ് നിയമങ്ങളെ തുടർന്ന് ഓഗസ്റ്റ് 25 മുതലാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള തപാൽ ചരക്കുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് കേന്ദ്ര തപാൽ വകുപ്പ് അറിയിച്ചത്. 800 യുഎസ് ഡോളർ വരെ വിലയുള്ള സാധനങ്ങൾക്കുള്ള ഡ്യൂട്ടി ഫ്രീ ഇളവ് പിൻവലിച്ചുകൊണ്ട് ജൂലൈ 30ന് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 29 മുതൽ അമേരിക്കയിലേയ്ക്ക് അയയ്ക്കുന്ന എല്ലാ തപാൽ ഇനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് (IEEPA) താരിഫിൻ്റെ ചട്ടക്കൂടിന് കീഴിലുള്ള കസ്റ്റംസ് തീരുവ ബാധകമാകുമെന്നും അറിയിച്ചിരുന്നു.
india post to fully resume postal services to the us from october 15, adopting the new delivery duty paid (ddp) system to comply with us customs changes.