ആൻഡമാനെ ആഗോള ഇന്റർനെറ്റ് ഡാറ്റാ കൈമാറ്റത്തിനുള്ള പ്രധാന കേന്ദ്രമാക്കാനാകുമെന്ന് കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമിശാസ്ത്രപരമായ സ്ഥാനം ഇത്തരമൊരു കേന്ദ്രമാക്കുന്നതിൽ ആൻഡമാന്‍ അനുകൂല ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മ്യാൻമാറിലേക്ക് അന്തർവാഹിനി കേബിൾ നീട്ടണമെന്നും അവിടെ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇത് എത്തിക്കണമെന്നും ഭാരത് എഐ ശക്തി പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള ഇന്റർനെറ്റ് ഡാറ്റാ കൈമാറ്റത്തിനുള്ള അടുത്ത വലിയ കേന്ദ്രമായി ആൻഡമാനെ മാറ്റാനാകും. ഗൂഗിളിനേയും ഇന്റർനെറ്റ് അധിഷ്ഠിത സ്ഥാപനങ്ങളേയും തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയവയുമായി ബന്ധിപ്പിക്കാൻ ആൻഡമാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശിൽ എഐ ഹബ് നിർമിക്കുന്നതിനായി ഗൂഗിൾ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചതിനെ മന്ത്രി സ്വാഗതം ചെയ്തു. അദാനി ഗ്രൂപ്പും എയർടെല്ലുമായി സഹകരിച്ച് ഒരു ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ ഉൾപ്പെടെയാണ് ഗൂഗിൾ കൊണ്ടുവരുന്നത്. പദ്ധതിയുടെ ഭാഗമായി, ഗൂഗിളിന്റെ പുതിയ അന്താരാഷ്ട്ര സബ് സീ കേബിളുകൾ സ്ഥാപിക്കുന്നതിനായി എയർടെൽ വിശാഖപട്ടണത്ത് അത്യാധുനിക കേബിൾ ലാൻഡിംഗ് സ്റ്റേഷൻ (CLS) നിർമിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേബിൾ എത്തിക്കുന്നതിനായി വിശാഖപട്ടത്തെ മ്യാൻമാറിലെ സിറ്റ്വെയുമായി ബന്ധിപ്പിക്കാൻ മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു.
minister ashwini vaishnaw proposes andaman as a global internet data transfer hub, suggesting extending the subsea cable to myanmar and northeast india.
