തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വികസിപ്പിക്കുന്ന മെട്രോ ഇടനാഴിയുടെ അലൈൻമെന്റ് വിലയിരുത്തുന്നതിനും അന്തിമമാക്കുന്നതിനുമായി രൂപീകരിച്ച യോഗത്തിന് ശേഷമാണ് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കമ്മിറ്റി ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും വിവരങ്ങളും നൽകിയതായും അലൈൻമെന്റ് തീരുമാനിക്കുന്നത് അടക്കമുള്ളവ തീരുമാനിച്ച് കമ്മിറ്റി സർക്കാരിന് ശുപാർശ ചെയ്യുമെന്നും കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെ, കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ, പാളയം മുതൽ സിവിൽ സ്റ്റേഷൻ വരെ എന്നീ മൂന്ന് പ്രധാന അലൈൻമെന്റുകൾ നിലവിൽ അവലോകനത്തിലാണ്. പരമ്പരാഗത മെട്രോ മോഡലിന് കീഴിൽ പരിഗണനയ്ക്കായി കെഎംആർഎൽ ആറ് നിർദിഷ്ട അലൈൻമെന്റുകൾ നേരത്തെ സമർപ്പിച്ചിരുന്നു. മെട്രോ പദ്ധതിക്ക് സമാന്തരമായി ശ്രീകാര്യം മേൽപാലത്തിന്റെ പണികളും ക്രമാനുഗതമായി പുരോഗമിക്കുകയാണെന്നും സർവീസ് റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ടിഎൻഐഇ റിപ്പോർട്ട് ചെയ്തു. പ്രാരംഭ ഘട്ടത്തിലെ ഡ്രെയിനേജ് ജോലികളുടെ ഏകദേശം 90 ശതമാനവും ഇതിനകം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.
thiruvananthapuram metro project is gaining pace, with a high-level committee reviewing three main alignments for the kmrl-developed metro corridor.
