എൽഎൻജിയിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ കപ്പലുകൾ നിർമിക്കുന്നതിനുള്ള ആദ്യത്തെ ആഗോള ഓർഡർ നേടി ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ കണ്ടെയ്നർ കാരിയറായ ഫ്രാൻസ് ആസ്ഥാനമായുള്ള സിഎംഎ സിജിഎമ്മാണ് (CMA CGM) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് (CSL) വമ്പൻ ഓർഡർ നൽകിയിരിക്കുന്നത്. എൽഎൻജി ഇന്ധനമായുള്ള 6 കണ്ടെയ്നർ കപ്പലുകൾ നിർമിക്കാനുള്ള താൽപര്യപത്രത്തിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. 1700 ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലുകളാണിവ. 2000 കോടി രൂപയുടെ മെഗാ ഓർഡറാണിത്.
പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകൾ നിർമിച്ച് ശ്രദ്ധനേടിയ സിഎസ്എൽ ആദ്യമായാണ് എൽഎൻജിയിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമാണത്തിലേക്ക് കടക്കുന്നത്. കൊറിയൻ കപ്പൽ നിർമാതാക്കളായ എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസുമായി (HD Hyundai Heavy Industries) ചേർന്നാണ് സിഎസ്എൽ 6 കപ്പലുകളും നിർമിക്കുക. 2031ഓടെ കപ്പൽ നിർമിച്ച് കൈമാറുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ആത്മനിർഭർ ഭാരത് (Atmanirbhar Bharat), മെയ്ക്ക് ഇൻ ഇന്ത്യ (Make in India) ക്യാംപെയ്നുകൾക്കും ഇന്ത്യയെ കപ്പൽ നിർമാണത്തിൽ മുൻനിരയിലെത്തിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷ്യത്തിനും പിന്തുണയുമായാണ് സിഎസ്എല്ലുമായുള്ള സഹകരണമെന്ന് സിഎംഎ സിജിഎം വ്യക്തമാക്കി. ചെറുകിട എൽഎൻജി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ കപ്പലുകൾ നിർമിക്കുന്നതിനുള്ള മികച്ച ഇടമായി ഇന്ത്യയെ കാണുന്നതായി കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റോഡോൾഫ് സാഡെ (Rodolphe Saadé) പറഞ്ഞു.

നിലവിൽ കപ്പൽ നിർമാണത്തിൽ ആഗോള തലത്തിൽ 16ആം സ്ഥാനത്താണ് ഇന്ത്യ. 2030ഓടെ ആദ്യ പത്തിലും 2047ഓടെ ആദ്യ അഞ്ചിലും എത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ചെറു വെസ്സലുകളുടെ നിർമാണത്തിലടക്കം വലിയ നേട്ടം കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. നേരത്തെ കപ്പൽ നിർമാണ മേഖലയുടെ മുന്നേറ്റത്തിന് കരുത്തേകാനായി കേന്ദ്ര ഗവൺമെന്റ് 69000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
cochin shipyard secured a rs 2000 crore mega order from france’s cma cgm to build 6 lng-powered container ships, a first global order for india.