ഇന്ത്യയും ദക്ഷിണ അമേരിക്കൻ വ്യാപാര കൂട്ടായ്മയായ മെർകോസർ ബ്ലോക്കും (Mercosur bloc) തമ്മിൽ നിലവിലുള്ള പ്രിഫറൻഷ്യൽ ട്രേഡ് അഗ്രിമെന്റ് (PTA) വികസിപ്പിക്കും. ഇതുസംബന്ധിച്ച് ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണയായി. ഇന്ത്യ സന്ദർശിക്കുന്ന ബ്രസീലിയൻ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിനും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനും ധാരണയായത്.

ബ്രസീലിനു പുറമേ അർജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നിവയാണ് മെർകോസർ ബ്ലോക്കിൽ ഉൾപ്പെടുന്നത്. വിപുലീകരണത്തിന്റെ വ്യാപ്തി നിർവചിക്കുന്നതിനായി പിടിഎയ്ക്ക് കീഴിലുള്ള സംയുക്ത ഭരണ സമിതി വിളിച്ചുകൂട്ടുന്നത് ഉൾപ്പെടെയുള്ള ടെക്നിക്കൽ ഡയലോഗ് രൂപീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. 2009 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-മെർകോസർ പിടിഎ നിലവിൽ 450 താരിഫ് ലൈനുകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. താരിഫ്, നോൺ-താരിഫ് നടപടികൾ ഉൾപ്പെടെ ഉഭയകക്ഷി വ്യാപാരത്തിന്റെ ഗണ്യമായ പങ്ക് ഉൾക്കൊള്ളുന്ന പൂർണ കരാറായി ഇതിനെ മാറ്റാൻ ഇരുപക്ഷവും ശ്രമം നടത്തുകയാണ്. ചർച്ചയെ പിന്തുണയ്ക്കുന്നതിന് സ്വകാര്യ മേഖലയുടെയും മറ്റ് പങ്കാളികളുടെയും സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
india and brazil agreed to expand the preferential trade agreement with the mercosur bloc to strengthen economic ties and boost bilateral trade beyond 450 tariff lines.