ഭാരത് ഫോർജ് ലിമിറ്റഡുമായി (Bharat Forge) കരാറിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് വിമാന എഞ്ചിൻ ഭീമനായ റോൾസ് റോയ്സ് (Rolls-Royce). റോൾസ് റോയ്സ് ഏവിയേഷൻ വിഭാഗത്തിനു കീഴിലുള്ള പേൾ 700, പേൾ 10എക്സ് എഞ്ചിനുകൾക്കുള്ള ഫാൻ ബ്ലേഡുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനായാണ് കരാർ. ബോംബാർഡിയർ ഗ്ലോബൽ 5500/6500 ജെറ്റുകൾ (Bombardier Global 5500/6500 jets, ഗൾഫ്സ്ട്രീം ജി700/ജി800 (Gulfstream G700/G800), ഡസ്സോൾട്ട് ഫാൽക്കൺ 10എക്സ് (Dassault Falcon 10X) തുടങ്ങിയ ബിസിനസ് ജെറ്റുകൾക്കായുള്ള ഉയർന്ന പ്രകടനമുള്ള ടർബോഫാൻ എഞ്ചിനുകളിൽ ഉപയോഗിക്കുന്ന ഫാൻ ബ്ലേഡുകൾ ഇന്ത്യയിലാണ് നിർമിക്കുക.

‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭാരത് ഫോർജുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ റോൾസ് റോയ്സിന് സന്തോഷമുണ്ടെന്ന് റോൾസ് റോയ്സ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ട്രാൻസ്ഫോർമേഷൻ) ശശി മുകുന്ദൻ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള സപ്ലൈ ചെയിൻ ഇരട്ടിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു. റോൾസ് റോയ്സിന്റെ ആഭ്യന്തര ശേഷിയും പ്രാദേശിക പങ്കാളിത്തങ്ങളും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കമ്പനികളും തമ്മിലുള്ള ദീർഘകാല സഹകരണവും കൃത്യതയുള്ള എയ്റോസ്പേസ് ഘടകങ്ങളുടെ വിശ്വസനീയ ആഗോള വിതരണക്കാർ എന്ന നിലയിലുള്ള ഭാരത് ഫോർജിന്റെ സ്ഥാനവും ശക്തിപ്പെടുത്തുന്നതാണ് കരാറെന്ന് ഭാരത് ഫോർജ് പ്രതിനിധി പറഞ്ഞു.
മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട കമ്പനിയായ ഭാരത് ഫോർജ് ഏകദേശം ഒരു ദശാബ്ദം മുമ്പാണ് ഡിഫൻസ്-എയ്റോസ്പേസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിച്ചത്.
rolls-royce signs a deal with bharat forge to manufacture fan blades for pearl 700 and pearl 10x jet engines in india, boosting ‘make in india’.