പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ (Harini Amarasuriya). പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണിയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. വികസന സഹകരണം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു.

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, നവീകരണം, വികസന സഹകരണം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള മേഖലകളെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി മോഡി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ അറിയിച്ചു. അടുത്ത അയൽക്കാർ എന്ന നിലയിൽ, ഇരു ജനതയുടേയും അഭിവൃദ്ധിക്ക് സഹകരണം പ്രാധാന്യമർഹിക്കുന്നതായും മോഡി കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ താൻ പഠിച്ച ഡൽഹി ഹിന്ദു കോളേജ് സന്ദർശിച്ചു. കോളേജിൽ 1991-94 കാലഘട്ടത്തിൽ ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയായിരുന്നു ഹരിണി. വീട്ടിലേക്കുള്ള മടക്കം എന്നാണ് കോളേജിലേക്കുള്ള തിരിച്ചുവരവിനെ ശ്രീലങ്കൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്
sri lankan pm harini amarasuriya met pm modi in delhi to discuss development, education, and fishermen’s welfare. she also visited her alma mater, hindu college.
