ഇന്ത്യയുടെ എഞ്ചിനീയറിംഗ് പ്രതിഭകളിൽ നിക്ഷേപം ഗണ്യമായി വർധിപ്പിച്ച് ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ എൽജി ഇലക്ട്രോണിക്സും (LG) സാംസങ് ഇലക്ട്രോണിക്സും (Samsung). ചിലവ്-മത്സരക്ഷമത എന്നതിനപ്പുറം ശേഷി മേധാവിത്വത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ. സെമികണ്ടക്ടർ ഡിസൈനിനും ഹൈടെക് ഗവേഷണ വികസനത്തിനുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയുടെ പങ്ക് വളർന്നു കൊണ്ടിരിക്കുകയാണ്. ഈ വളർച്ചയുടെ ഭാഗമായി ആഗോള നവീകരണ മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുന്നു.
ആഗോള സെമികണ്ടക്ടർ, ഹൈടെക് ഇന്നൊവേഷൻ മൂല്യ ശൃംഖലയിലെ നിർണായക കേന്ദ്രമായി രാജ്യം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ മികച്ച ചിലവ് മത്സരക്ഷമതയുള്ള രാജ്യം മാത്രമല്ലെന്നും, മറിച്ച് മികച്ച ശേഷിയുള്ള രാജ്യമാണെന്നും അടുത്തിടെ എൽജി ഇലക്ട്രോണിക്സ് സിഇഒ വില്യം ചോ ചൂണ്ടിക്കാട്ടിയിരുന്നു. എഐ, റോബോട്ടിക്സ്, സെമികണ്ടക്ടറുകൾ എന്നിവയിലെ നെക്സ്റ്റ് ജെൻ നവീകരണങ്ങൾക്ക് ശക്തി പകരാൻ കഴിയുന്ന പ്രതിഭാ കൂട്ടായ്മയാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെംഗളൂരുവിലെ സാംസങ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ച് (SSIR) സെന്ററിൽ സാംസങ് ഇലക്ട്രോണിക്‌സ് നിയമനങ്ങൾ വർധിപ്പിച്ചതും വലിയ മാറ്റത്തിന്റെ സൂചനയായി അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സെമികണ്ടക്ടർ ബിസിനസിന്റെ പ്രധാന സ്തംഭങ്ങളായ സിസ്റ്റം എൽഎസ്‌ഐ, മെമ്മറി, ഫൗണ്ടറി വിഭാഗങ്ങളിലുടനീളം സാംസങ് എഞ്ചിനീയർമാരെ നിയമിക്കുന്നു. സിസ്റ്റം-ഓൺ-ചിപ്പ് (SoC) ഡിസൈനർമാർ, എസ്എസ്ഡി ഫേംവെയർ എഞ്ചിനീയർമാർ, മെമ്മറി ഡിസൈൻ എഞ്ചിനീയർമാർ, ഗ്രാഫിക്സ് ഡ്രൈവർ ഡെവലപ്പർമാർ എന്നിവരാണ് ഈ റോളുകളിൽ ഉൾപ്പെടുന്നത്. ഇവരെല്ലാം നെക്സ്റ്റ് ജെൻ എഐ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് (HPC) സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കും.
എൽജിയുടെയും സാംസങ്ങിന്റെയും തന്ത്രപരമായ നീക്കങ്ങളും പ്രസ്താവനകളും ബഹുരാഷ്ട്ര കോർപ്പറേഷനുകൾ ഇന്ത്യയിൽ വിപണി എന്നതിനപ്പുറം തന്ത്രപരമായ നവീകരണത്തിന്റെ ഉറവിടമായും നിക്ഷേപം നടത്തുന്നതിന്റെ സൂചനയാണ്.
lg and samsung boost investment in indian engineering talent for semiconductor design and r&d, focusing on next-gen ai and high-performance computing chips.