വായുമലിനീകരണമുണ്ടാക്കുന്ന വാണിജ്യ വാഹനങ്ങൾ നവംബർ 1 മുതൽ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് പൂർണമായി നിരോധിക്കുന്നതായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (CAQM). സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി നവംബർ 1 മുതൽ ബിഎസ്-VI, സിഎൻജി, എൽഎൻജി, ഇലക്ട്രിക് ഗുഡ്സ് വാഹനങ്ങൾ മാത്രമേ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കപ്പെടുകയുള്ളൂ എന്ന് സിഎക്യുഎം യോഗത്തിൽ തീരുമാനിച്ചു.

ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബിഎസ്-IV ലൈറ്റ്, മീഡിയം, ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് 2026 ഒക്ടോബർ 31 വരെ അനുമതി നൽകും. എല്ലാ അതിർത്തി പ്രവേശന പോയിന്റുകളിലും കർശന പരിശോധനകൾ ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, പത്ത് വർഷം പഴക്കമുള്ള ഡീസൽ, പതിനഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹന ഉടമകൾക്കെതിരെയുള്ള നിർബന്ധിത നടപടികൾ കോടതി വിലക്കിയിരുന്നു. ഇതിനെത്തുടർന്ന് എൻസിആറിൽ നിന്ന് 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള മുൻ നിർദേശം സിഎക്യുഎം താൽക്കാലികമായി നിർത്തിവെച്ചു. ഇതിനുശേഷം, സുപ്രീം കോടതി ഉത്തരവിന് അനുസൃതമായാണ് ഇപ്പോൾ വായുമലിനീകരണമുണ്ടാക്കുന്ന വാണിജ്യ വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് പൂർണമായി നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
commercial vehicles that cause pollution are banned from entering delhi from november 1. only bs-vi, cng, lng, and electric goods vehicles are allowed.