യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം അഥവാ പ്രതികാര ചുങ്കം ഇന്ത്യൻ കയറ്റുമതിക്ക് ആഘാതമേൽപിച്ചിരുന്നു. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ, തുകൽ വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ് തുടങ്ങിയവ ഉൾപ്പെടെ, അമേരിക്കയിലേക്കുള്ള 60 ശതമാനത്തോളം ഇന്ത്യൻ കയറ്റുമതിയെ താരിഫ് ബാധിച്ചു. എന്നാൽ കയറ്റുമതി വിപണികളെ വൈവിധ്യത്കരിക്കുന്ന താരിഫ് വിരുദ്ധ തന്ത്രത്തിലൂടെ ഇന്ത്യ ഇതിന് മറുപടി നൽകുകയാണ്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ താരിഫ് ആഘാതം അനിവാര്യമായിരുണെങ്കിലും, ഈ തിരിച്ചടി അത്ര ദോഷകരമല്ലെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മന്ദഗതിയിലുള്ള ആഗോള സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ ഇപ്പോഴും തിളക്കമുള്ള ചുരുക്കം ചില സ്ഥാനങ്ങളിൽ ഒന്നാണ്. ഐഎംഎഫിന്റെ 2025 ഒക്ടോബറിലെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (WEO) പ്രകാരം ഇന്ത്യയുടെ അടുത്ത സാമ്പത്തിക വർഷത്തെ വളർച്ച 6.6% ആയിരിക്കുമെന്ന് പ്രവചിക്കുന്നതായും ഇത് വർധിച്ചുവരുന്ന വ്യാപാര തടസ്സങ്ങൾക്കിടയിലും ആഭ്യന്തര വളർച്ച തുടരുന്നതിന്റെ സൂചനയാണെന്നും ഇടി ചൂണ്ടിക്കാണിക്കുന്നു.

വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ പൂർത്തിയാക്കുന്നതിനൊപ്പം കയറ്റുമതി വിപണിയെ വൈവിധ്യവൽക്കരിക്കുകയുമാണ് ട്രംപ് താരിഫുകളെ നേരിടാൻ ഇന്ത്യ ആശ്രയിക്കുന്ന പ്രധാന തന്ത്രങ്ങൾ. ബ്രോക്കറേജ് സ്ഥാപനമായ എലാറ ക്യാപിറ്റലിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് യുഎസ്സിന്റെ 50% താരിഫിനിടയിലും ഇന്ത്യയുടെ കയറ്റുമതി പ്രകടനം സ്ഥിരതയുള്ളതായി തുടരുന്നു. ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയിലെ സുസ്ഥിരമായ വളർച്ചയാണ് കയറ്റുമതിയിൽ 6.7% വാർഷിക വളർച്ചയ്ക്ക് കാരണമായത്. 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ, കയറ്റുമതിയിൽ 9% വാർഷിക വളർച്ച രേഖപ്പെടുത്തി. ആഗോള ഡിമാൻഡ് മന്ദഗതിയിലായിരുന്നിട്ടും 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇറക്കുമതിയിലും 4% വർധനയുണ്ടായി, 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇത് നല്ല വളർച്ചയാണ് കാണിക്കുന്നത്.
തൊഴിൽ പ്രാധാന്യമുള്ള കയറ്റുമതിയിലെ തുടർച്ചയായ വൈവിധ്യവൽക്കരണം ട്രംപ് താരിഫുകളുടെ ആഘാതം പരിമിതപ്പെടുത്താൻ സഹായിച്ചു, സ്പെയിൻ, യുഎഇ, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സ്ഥിരമായ തുടർച്ചയായ നേട്ടങ്ങൾ രേഖപ്പെടുത്തി. ഇത് താരിഫ് പ്രേരിത തടസ്സങ്ങൾക്കിടയിൽ വ്യാപാര ചാനലുകളുടെ ഭാഗികമായ വഴിതിരിച്ചുവിടലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിൽ കയറ്റുമതിയിൽ കുത്തനെ വളർച്ച രേഖപ്പെടുത്തിയ പ്രധാന മേഖല ഇലക്ട്രോണിക് കയറ്റുമതിയാണ് (~50.5% വാർഷിക വളർച്ച). അതേസമയം അരി കയറ്റുമതി ~33.2% വർധിച്ച് 924.8 മില്യൺ യുഎസ് ഡോളറായി. താരിഫ് വർധന ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമുദ്രോത്പന്ന കയറ്റുമതി 23.4% വാർഷിക വളർച്ചയോടെ 781 മില്യൺ യുഎസ് ഡോളറായി. ഇത് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളുടെ ശക്തമായ വൈവിധ്യവൽക്കരണത്തെ പ്രതിഫലിപ്പിക്കുന്നു. രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2025 സെപ്റ്റംബറിൽ 0.4% വാർഷിക വളർച്ചയോടെ ഏപ്രിൽ-സെപ്റ്റംബർ വളർച്ചയിലേക്ക് നയിച്ചുവെന്നതും ശ്രദ്ധേയമാണ്.
സെപ്റ്റംബറിലെ ഉയർന്ന താരിഫ് കാരണം യുഎസിലേക്കുള്ള കയറ്റുമതി കുറഞ്ഞെങ്കിലും വിപണി വൈവിധ്യവൽക്കരണത്തിന്റെ വ്യക്തമായ പ്രവണത പ്രതിഫലിപ്പിക്കുന്ന തരത്തിൽ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ കയറ്റുമതി 24 രാജ്യങ്ങളിൽ പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി. കൊറിയ, യുഎഇ, ജർമനി, ടോഗോ, ഈജിപ്ത്, വിയറ്റ്നാം, ഇറാഖ്, മെക്സിക്കോ, റഷ്യ, കെനിയ, നൈജീരിയ, കാനഡ, പോളണ്ട്, ശ്രീലങ്ക, ഒമാൻ, തായ്ലൻഡ്, ബംഗ്ലാദേശ്, ബ്രസീൽ, ബെൽജിയം, ഇറ്റലി, ടാൻസാനിയ എന്നിവയാണ് ഈ 24 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് റിപ്പോർട്ട്.
എന്നാൽ, ചില തൊഴിൽ മേഖലകൾ താരിഫ് സംബന്ധമായ സമ്മർദങ്ങളുടെ ആഘാതം നേരിട്ടു. കോട്ടൺ, കൈത്തറി കയറ്റുമതി 11.7ശതമാനത്തോടെ 930 മില്യൺ യുഎസ് ഡോളറായി ചുരുങ്ങി. ഇത് ആഗോള സോഴ്സിംഗ് ഡൈനാമിക്സിലെ മാറ്റവും തുണിത്തര മേഖലയിലെ നിരന്തര വെല്ലുവിളികളും സൂചിപ്പിക്കുന്നു. എങ്കിലും നിലവിൽ മുന്നോട്ടുള്ള പാതയിൽ പ്രധാന തടസ്സങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഉയർന്ന യുഎസ് താരിഫുകൾ ശാശ്വതമായി മാറുകയോ അധിക ഉത്പന്ന ലൈനുകളിലേക്ക് വ്യാപിപ്പിക്കുകയോ ചെയ്യാം എന്ന അപകടസാധ്യതയുണ്ട്. ഗൾഫ്, യുകെ വിപണികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവയ്ക്ക് അവരുടേതായ താരിഫ്, നോൺ-താരിഫ് തടസ്സങ്ങളുണ്ട്. ലോജിസ്റ്റിക്കൽ, സർട്ടിഫിക്കേഷൻ, സാംസ്കാരിക പൊരുത്തപ്പെടുത്തൽ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നു. കയറ്റുമതി പ്രകടനം പരിമിതമായ വലിയ സ്ഥാപനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഇലക്ട്രോണിക്സ് പോലുള്ള ചില മേഖലകളെ അമിതമായി ആശ്രയിക്കാനുള്ള സാധ്യതയുമുണ്ട്.
ആക്കം നിലനിർത്താൻ, ആഭ്യന്തര ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിലും, ഇൻപുട്ട് ചിലവ് കുറയ്ക്കുന്നതിലും, ശക്തമായ വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിലും ഇന്ത്യ ശ്രദ്ധ ചെലുത്തണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. വ്യാപാര സൗകര്യം, വെയർഹൗസിംഗ്, കോൾഡ് ചെയിനുകൾ, ലാസ്റ്റ് മൈൽ ഡെലിവെറി സംവിധാനങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്. വ്യാപാര ആഘാതങ്ങളോട് പ്രതികരിക്കുന്നതിലും, ആവശ്യമുള്ളിടത്ത് നിബന്ധനകൾ വീണ്ടും ചർച്ച ചെയ്യുന്നതിലും, പരിവർത്തനത്തിന്റെ ആഘാതം നേരിടുന്ന എംഎസ്എംഇകൾക്ക് നേരിട്ടുള്ള പിന്തുണ നൽകുന്നതിലും സർക്കാർ കൂടുതൽ ശ്രദ്ധ കാണിക്കേണ്ടതുണ്ട്.
ഒരു തരത്തിൽ, ട്രംപ് താരിഫുകൾ ഇന്ത്യയ്ക്ക് ഒരു അവസരമായി ഉയർന്നുവന്നതായാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ഇന്ത്യയ്ക്ക് കൂടുതൽ സന്തുലിതവും വൈവിധ്യപൂർണവുമായ കയറ്റുമതി പോർട്ട്ഫോളിയോ കൊണ്ടുവരാൻ കഴിയുമെങ്കിൽ പ്രതികൂല സാഹചര്യങ്ങളെ ദീർഘകാല നേട്ടമാക്കി മാറ്റാനുള്ള അവസരമാണിത്.
despite us tariffs, india’s exports remain stable due to diversification, hitting 6.7% annual growth. a strategic shift to new markets cushions the impact.