യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവകൾ കാരണം ആന്ധ്രാ പ്രദേശിലെ ചെമ്മീൻ വ്യവസായം തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ ബദൽ വിപണിയായി ഓസ്ട്രേലിയയെ മാറ്റാനുള്ള ചർച്ചകൾ സജീവമാകുകയാണ്. ഏഴ് ദിവസത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ആന്ധ്ര മാനവ വിഭവശേഷി മന്ത്രി എൻ. ലോകേഷ് നായിഡുവാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ചെമ്മീൻ ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ ഓസ്ട്രേലിയൻ സർക്കാർ ലഘൂകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വൈറ്റ് സ്പോട്ട് വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് തൊലി കളയാത്ത ചെമ്മീനിന് ഓസ്ട്രേലിയ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്കാർ ദീർഘകാലമായി നേരിടുന്ന തടസ്സം. എന്നാൽ ചർച്ചകൾക്കു ശേഷം, ഇന്ത്യൻ ചെമ്മീനിനുള്ള ആദ്യ ഇറക്കുമതി അനുമതി ലഭിച്ചതായി ലോകേഷ് വ്യക്തമാക്കി. ഒരു വിപണിയെ അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് സ്വയം രക്ഷിക്കാൻ നമ്മൾ പുതിയ വിപണികൾ തുറക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പെഷ്യൽ വിസിറ്റേർസ് പ്രോഗ്രാമിന് കീഴിലുള്ള ഏഴ് ദിവസത്തെ പഠന, പങ്കാളിത്ത ടൂറിനായാണ് ലോകേഷ് ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്. യുഎസ് താരിഫുകൾക്കിടയിൽ ആന്ധ്രയിലെ കയറ്റുമതിക്കാരെ പുതിയ വിപണികൾ കണ്ടെത്താൻ സഹായിക്കുന്നതിനായി ഓസ്ട്രേലിയൻ സീഫുഡ് അസോസിയേഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ യുവാക്കൾക്ക് അവസരങ്ങൾ തുറക്കുന്നതിനായി സർവകലാശാലകൾ, സിഇഒമാർ തുടങ്ങിയവരെ കാണും-അദ്ദേഹം പറഞ്ഞു.
facing us tariffs, andhra pradesh is negotiating with australia to ease import restrictions on indian shrimp and open a new export market.