സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിനും വ്യാവസായിക ക്ലസ്റ്ററുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും റെയിൽവേ നിർണായക പങ്ക് വഹിക്കുന്നതായി വ്യവസായ ഉപമന്ത്രി ഖലീൽ ബിൻ ഇബ്രാഹിം ബിൻ സലാമ. റിയാദിൽ സൗദി ഇന്റർനാഷണൽ റെയിൽ എക്സിബിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്കൃത വസ്തുക്കളെ ഉയർന്ന മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രത്യേക വ്യാവസായിക ക്ലസ്റ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ദേശീയ വ്യാവസായിക കഴിവുകൾ വികസിപ്പിക്കുന്നതിനും സൗദി അറേബ്യയുടെ വ്യാവസായിക ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനുമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ആധുനിക നഗര ഗതാഗത ദർശനത്തിൽ മുഖ്യപങ്കുവഹിക്കാൻ ഒരുങ്ങുകയാണ് റിയാദ് മെട്രോയെന്ന് മെട്രോയുടെ നിർമാണവും പ്രവർത്തനവും നിയന്ത്രിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ക്യാപിറ്റൽ മെട്രോ കമ്പനി (Capital Metro Company) ക്വാളിറ്റി ഡയറക്ടർ മാർട്ടിൻ ജാക്ക്സൺ പറഞ്ഞു. കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച മെട്രോ പദ്ധതി യാത്രാ സുരക്ഷ, ആധുനിക ടെക്നോളജി എന്നിവയ്ക്ക് മുൻഗണന നൽകുന്നു. റിയാദ് മെട്രോ ഒരു സാധാരണ ഗതാഗത സംവിധാനം എന്നതിലുപരി സുരക്ഷിതവും, സാംസ്കാരികമായി സംയോജിപിച്ചതുമായ നവീന നഗര ഗതാഗത പദ്ധതിയാണ്. 2027ലെ എഎഫ്സി ഏഷ്യൻ കപ്പ്, 2034 ഫിഫ വേൾഡ് കപ്പ് പോലുള്ള വലിയ ഇവൻറുകൾ മുൻനിർത്തി മെട്രോ സിസ്റ്റം മികവുറ്റ രീതിയിൽ പ്രവർത്തിക്കും-അദ്ദേഹം പറഞ്ഞു.
saudi arabia’s railways are vital for economic growth. riyadh metro, prioritizing safety and tech, is set to modernize urban transport for major events like the 2034 fifa world cup.