ദീപാവലിക്ക് പ്രധാനമന്ത്രി മോഡിയുമായുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഫോൺ കോളിൽ പാകിസ്താനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അറിയിച്ച് സർക്കാർ വൃത്തങ്ങൾ. മോഡിയും ട്രംപും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുണ്ട്. ആസിയാൻ ഉച്ചകോടിയിൽ മോഡി നേരിട്ട് പങ്കെടുത്തേക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകിയതോടെയാണിത്.

ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാൻ മോഡി മലേഷ്യയിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. ബിഹാർ ഇലക്ഷൻ പ്രചാരണം അടക്കമുള്ള കാര്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കാത്തതിന് കാരണമായി പറയുന്നത്. പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഒക്ടോബർ 26 മുതൽ 28 വരെ ക്വാലാലംപൂരിലാണ് ആസിയാൻ ഉച്ചകോടി നടക്കുക. ഉച്ചകോടി ചർച്ചകളിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ആസിയാൻ യോഗങ്ങളിൽ ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഇന്ത്യ മലേഷ്യയെ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അതേ സമയം പ്രധാനമന്ത്രി മോഡി ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലേക്കും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലേക്കും ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് മോഡിയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും നിരവധി ആസിയാൻ ഡയലോഗ് പങ്കാളി രാജ്യങ്ങളുടെ നേതാക്കളെയും മലേഷ്യ ഇത്തവണ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 26ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ട്രംപ് ക്വാലാലംപൂർ സന്ദർശിക്കുക
sources confirm pakistan wasn’t discussed in the modi-trump call. pm modi may skip the asean summit, with s. jaishankar representing india.