ഇലോൺ മസ്‌കിൻറെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനു വേണ്ടിയുള്ള ഗേറ്റ്‌വേ എർത്ത് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. മുംബൈ, നോയിഡ, ചണ്ഡീഗഡ്, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലായി ഒൻപത് സ്റ്റേഷനുകളാണ് വരിക. കമ്പനി അതിന്റെ ജെൻ വൺ കോൺസ്റ്റലേഷനിലൂടെ ഇന്ത്യയിൽ സെക്കൻഡിൽ 600 ജിഗാബൈറ്റ് ശേഷിക്ക് അപേക്ഷിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ താൽക്കാലിക അടിസ്ഥാനത്തിലാണ് സ്പെക്ട്രം അനുവദിച്ചിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റാർലിങ്കിന്റെ ഇന്ത്യൻ പ്രവേശനത്തിനായുള്ള അവസാനവട്ട സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. രാജ്യത്തെ വിദൂര പ്രദേശങ്ങളിലെ കണക്റ്റിവിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യക്ക് കേന്ദ്ര സർക്കാറിന്റെ പ്രധാന അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു. ഏതാനും സാങ്കേതിക നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ 2026 തുടക്കത്തിൽത്തന്നെ അതിവേഗ ഇന്റർനെറ്റ് രാജ്യമെങ്ങും ലഭ്യമാകും. നിലവിൽ സ്റ്റാർലിങ്കിന് ടെലികോം വകുപ്പിന്റെ ഗ്ലോബൽ മൊബൈൽ പേർസണൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസ് ലഭിച്ചിട്ടുണ്ട്. സ്പെക്‌ട്രം വിതരണവും സാറ്റലൈറ്റ് കമ്യൂണിക്കേഷൻ അനുമതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്. ബാക്കി അനുമതികളെല്ലാം 2025 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കമ്പനി വിലയിരുത്തൽ.
starlink plans to establish nine gateway earth stations in cities like mumbai, noida, and kolkata as it prepares for its satellite internet launch in india.
