രാജ്യത്തെ ആകെ പണമിടപാടുകൾ 99.8%വും ഡിജിറ്റലായതായും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ (2019–2024) ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ആവാസവ്യവസ്ഥ അളവിലും മൂല്യത്തിലും വൻ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേയ്മെന്റ് സിസ്റ്റംസ് റിപ്പോർട്ട് (RBI Payment Systems Report) പ്രകാരം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ആണ് വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചിരിക്കുന്നത്. 2019ൽ 1079 കോടി ഇടപാടുകളും 18.4 ലക്ഷം കോടി രൂപ ഇടപാട് മൂല്യവുമുണ്ടായിരുന്ന യുപിഐ 2024ൽ 17,221 കോടി ഇടപാടിലേക്കും ₹246.8 ലക്ഷം കോടി ഇടപാട് മൂല്യത്തിലേക്കും വളർന്നു.
2025ന്റെ ആദ്യ പകുതിയിൽ മാത്രം 143.3 ലക്ഷം കോടി രൂപയുടെ 10637 കോടി ഇടപാടുകൾ യുപിഐ വഴി പ്രോസസ്സ് ചെയ്തു .ചെറിയ മൂല്യമുള്ള, ദൈനംദിന പേയ്മെന്റുകൾക്കാണ് യുപിഐ കൂടുതലും ഉപയോഗിക്കുന്നതെന്നും ഡാറ്റ കാണിക്കുന്നു. NEFT, RTGS, IMPS, BBPS പോലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു. ചെറുതും മധ്യപരിധിയിലുമുള്ള തുകകൾ ബാങ്കുകൾക്കിടയിൽ ഇലക്ട്രോണിക് ആയി അയയ്ക്കാൻ ഉപയോഗിക്കുന്ന സംവിധാനമായ എൻഇഎഫ്ടി അളവിൽ മൂന്നിരട്ടിയും മൂല്യത്തിൽ ഇരട്ടിയുമായി. വലിയ പേയ്മെന്റുകൾക്ക് ഉപയോഗിക്കുന്ന ആർടിജിഎസ് അളവിലും മൂല്യത്തിലും ഏകദേശം ഇരട്ടിയായതായും ഡെബിറ്റ് കാർഡ് ഇടപാടുകൾ കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മൊത്തം പേയ്മെന്റ് ഇടപാടുകൾ 2019ൽ 3248 കോടിയായിരുന്നത് 2024ൽ 20849 കോടിയായി ഉയർന്നു. അഞ്ച് വർഷം കൊണ്ട് ആറിരട്ടിയലധികം കുതിപ്പാണ് ഇടപാടുകളിൽ ഉണ്ടായത്. ഇതേ കാലയളവിൽ ഇടപാട് മൂല്യം 1775 ലക്ഷം കോടി രൂപയിൽ നിന്ന് 2830 ലക്ഷം കോടിയായി വർധിച്ചു.
rbi report shows 99.8% of india’s transactions are digital. upi has driven this surge, growing from 10.79 billion to 172.21 billion transactions since 2019.
