അടുത്തിടെ പാകിസ്താനും സൗദി അറേബ്യയും തമ്മിൽ ഒപ്പുവെച്ച പ്രതിരോധ കരാർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കരാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കരാർ പ്രകാരം, പാകിസ്താൻ ഏകദേശം 25000 സൈനികരെ സൗദി അറേബ്യയിലേക്ക് വിന്യസിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സഹായം, സംയുക്ത പ്രവർത്തനങ്ങൾ, സൗദി സേനയെ പരിശീലിപ്പിക്കുക തുടങ്ങിയവയ്ക്കായാണത്രേ പാകിസ്താൻ സൗദിയിലേക്ക് സൈനികരെ അയക്കുന്നത്.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സെപ്റ്റംബർ 17ന് റിയാദിൽ വെച്ചാണ് പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് തുടർന്ന് സംയുക്ത പ്രസ്താവനയും നടത്തിയിരുന്നു. അതേസമയം, കരാറിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാകിസ്താനിൽ നിന്നുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കരാറിന്റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുമുണ്ട്.
സൗദി അറേബ്യയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് പാകിസ്താൻ സൈനികർ, ഉപകരണങ്ങൾ, സൈനിക വൈദഗ്ധ്യം എന്നിവ നൽകുമ്പോൾ പാകികിസ്താന്റെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിന് സൗദി സാമ്പത്തിക സഹായം നൽകുമെന്നും ഏതാണ്ട് 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നുമെന്നുമെല്ലാം കരാർ സംബന്ധിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട്. യുദ്ധവിമാനങ്ങൾ പോലുള്ള നൂതന ചൈനീസ് സൈനിക ഉപകരണങ്ങൾ സ്വന്തമാക്കാൻ സൗദി അറേബ്യയെ പാകിസ്താൻ സഹായിക്കുന്നതും കരാറിൽ ഉൾപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
