ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീം (ECMS) പ്രകാരമുള്ള ഏഴ് പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം. 5532 കോടി രൂപയുടെ പദ്ധതികളിൽ അഞ്ചെണ്ണം തമിഴ്നാട്ടിലും ഓരോന്നു വീതം മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുമായാണ്. ഇസിഎംഎസ്സിനു കീഴിലുള്ള സ്വകാര്യ കമ്പനികളായിരിക്കും നിക്ഷേപം നടത്തുക. ഈ സ്ഥാപനങ്ങൾക്ക്, ഘടക വിഭാഗത്തെയും പ്രവർത്തന വർഷത്തെയും ആശ്രയിച്ച്, ആറ് വർഷ കാലയളവിൽ ഉത്പാദന മൂല്യത്തിന്റെ 1-10% പ്രോത്സാഹനമായി ലഭിക്കും.

നിലവിൽ പോളിപ്രൊഫൈലിൻ ഫിലിമും കോപ്പർ ലാമിനേറ്റുകളും ഇറക്കുമതി ചെയ്യുന്നതായും പുതിയ വികസനത്തോടെ ആഭ്യന്തര ആവശ്യത്തിന്റെ 100% ഈ യൂണിറ്റുകൾ നിറവേറ്റുമെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതികളിലൂടെ ₹44,406 കോടി ഉത്പാദനവും 5195 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. മധ്യപ്രദേശിലെയും ആന്ധ്രാപ്രദേശിലെയും പദ്ധതികൾ ഗുരുഗ്രാം ആസ്ഥാനമായുള്ള എസ്ആർഎഫ് ലിമിറ്റഡും ചെന്നൈ ആസ്ഥാനമായുള്ള സിർമ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നടപ്പിലാക്കുക.
മൈസൂരു ആസ്ഥാനമായുള്ള കെയ്ൻസ് സർക്യൂട്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Kaynes Circuits India Private) പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCB), ക്യാമറ മൊഡ്യൂൾ സബ്-അസംബ്ലികൾ, ലാമിനേറ്റുകൾ എന്നിവ നിർമിക്കുന്നതിനായി നിർമാണ യൂണിറ്റുകൾ സ്ഥാപിക്കും. ചെന്നൈയിലും തൂത്തുക്കുടിയിലുമായിരിക്കും സൗകര്യങ്ങൾ എന്ന് കെയ്ൻസ് വൈസ് ചെയർമാൻ രമേശ് കുഞ്ഞിക്കണ്ണൻ പറഞ്ഞു. കെയ്ൻസിന്റെ ₹3280 കോടി നിക്ഷേപത്തിന്റെ ഭൂരിഭാഗവും പിസിബികളിലേക്കും ലാമിനേറ്റുകളിലേക്കുമായിരിക്കും.
ഹൊസൂർ ആസ്ഥാനമായുള്ള അസെന്റ് സർക്യൂട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ₹991 കോടി മുതൽമുടക്കിൽ പിസിബികൾക്കായി തമിഴ്നാട്ടിൽ സൗകര്യം നിർമിക്കും. പദ്ധതിക്ക് കീഴിൽ അംഗീകാരം ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് കത്തയച്ചിരുന്നതായി വൈഷ്ണവ് ചൂണ്ടിക്കാട്ടി. സമയം നിർണായകമായതിനാൽ ഈ യൂണിറ്റുകളിൽ ഭൂരിഭാഗവും വളരെ വേഗത്തിൽ പ്രവർത്തനം ആരംഭിക്കേണ്ടത് പ്രധാനമാണെന്ന് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.
ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ മൊത്തത്തിലുള്ള ആഭ്യന്തര മൂല്യവർധന മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനം ആരംഭിക്കുമ്പോൾ തന്നെ പേഔട്ടുകൾ അംഗീകരിക്കപ്പെടുന്ന തരത്തിലാകും പ്രവർത്തനം. ഇത് സ്ഥാപനങ്ങളെ ഉത്പാദനം വേഗത്തിൽ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നാണ് വിലയിരുത്തൽ. വരും വർഷങ്ങളിൽ ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ഡിസൈൻ ശേഷികൾ വികസിക്കുന്നതിനനുസരിച്ച് ആഭ്യന്തര മൂല്യവർധ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
it ministry approves 7 electronics component manufacturing scheme projects worth ₹5532 cr in tamil nadu, mp, and ap, creating 5195 jobs.
