തദ്ദേശീയമായി നിർമിച്ച സർവേ കപ്പൽ ഇക്ഷക് (IKSHAK) കമ്മീഷൻ ചെയ്യാനൊരുങ്ങുകയാണ് ഇന്ത്യൻ നാവികസേന. നവംബർ 6ന് കൊച്ചി നാവികാസ്ഥാനത്താണ് ഇക്ഷക് കമ്മീഷൻ ചെയ്യുക.
ഈ ശ്രേണിയിലെ മൂന്നാമത്തെ കപ്പലാണ് ഇക്ഷക്. ഇക്ഷക് സേനയുടെ ഭാഗമാകുന്നത് അത്യാധുനിക സംവിധാനങ്ങൾ നിർമിക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ ഉറച്ച പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. തദ്ദേശീയ ഹൈഡ്രോഗ്രാഫിക് മികവിന് പുതുവഴികൾ തുറക്കുന്ന നേട്ടം ശേഷി വർധനയിലൂടെ സേനയുടെ സ്വയംപര്യാപ്തതയ്ക്ക് വേഗം കൂട്ടും.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡിൽ (GRSE) കപ്പൽനിർമാണ ഡയറക്ടറേറ്റിന്റെയും യുദ്ധക്കപ്പൽ പരിശോധന സംഘത്തിന്റെയും മേൽനോട്ടത്തിലാണ് 80%ത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുന്ന ഇക്ഷകിന്റെ നിർമാണം പൂർത്തിയാക്കിയത്. ജിആർഎസ്ഇയും ഇന്ത്യൻ എംഎസ്എംഇകളും തമ്മിലെ വിജയകരമായ സഹകരണത്തിന്റെ നേർസാക്ഷ്യമായ ഈ കപ്പൽ സ്വയംപര്യാപ്ത ഭാരതമെന്ന കാഴ്ചപ്പാടിനെയും അതിന്റെ കരുത്തിനെയും പ്രതിഫലിപ്പിക്കുന്നു.
പ്രാഥമിക ഹൈഡ്രോഗ്രാഫിക് സർവേ ദൗത്യങ്ങൾക്ക് പുറമെ ഇരട്ട ദൗത്യ ശേഷിയോടെ രൂപകല്പന ചെയ്തിരിക്കുന്ന ‘ഇക്ഷക്’ ദുരന്ത നിവാരണ സാഹചര്യങ്ങളിൽ മാനുഷിക സഹായ ദുരിതാശ്വാസ സംവിധാനമായും (HADR) അടിയന്തര ഘട്ടങ്ങളിൽ ആശുപത്രി കപ്പലായും പ്രവർത്തിക്കും. വനിതാ ഉദ്യോഗസ്ഥർക്കായി പ്രത്യേക താമസ സൗകര്യമൊരുക്കിയ ആദ്യത്തെ വലിയ സർവേ കപ്പൽകൂടിയാണ് ‘ഇക്ഷക്’ എന്നതും ശ്രദ്ധേയമാണ്. അജ്ഞാത സമുദ്രമേഖലകളെക്കുറിച്ച് രേഖപ്പെടുത്തുക, നാവികർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുക, ഇന്ത്യയുടെ സമുദ്രശേഷി ശക്തിപ്പെടുത്തുക എന്നീ കപ്പലിന്റെ ദൗത്യങ്ങളെ മുൻനിർത്തിയാണ് ‘വഴികാട്ടി’ എന്നർത്ഥം വരുന്ന ഇക്ഷക് എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.
കപ്പലിന്റെ ഔപചാരിക സേനാപ്രവേശം അടയാളപ്പെടുത്തുന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി അധ്യക്ഷനാകും.
the indian navy is set to commission ‘ikshak’, the 3rd indigenous survey vessel, built by grse with over 80% local content, for survey and hadr.