മാർക്ക് സക്കർബർഗിന്റെ മെറ്റ പ്ലാറ്റ്ഫോംസുമായി (Meta Platforms) സഹകരിച്ച് പുതിയ എഐ സംരംഭം ആരംഭിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL). ആർഐഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഇന്റലിജൻസ് ലിമിറ്റഡും (Reliance Intelligence Limited) മെറ്റയുടെ പൂർണ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഓവർസീസുമായി (Facebook Overseas, Inc.) ചേർന്നാണ് പുതിയ സംയുക്ത സംരംഭ കമ്പനി രൂപീകരിച്ചത്. റിലയൻസ് എന്റർപ്രൈസ് ഇന്റലിജൻസ് ലിമിറ്റഡ് (REIL) എന്ന പേരിലുള്ള സ്ഥാപനം എന്റർപ്രൈസ് എഐ സേവനങ്ങൾ വികസിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

കരാർ പ്രകാരം ആർഇഐഎല്ലിൽ റിലയൻസ് ഇന്റലിജൻസിന് 70 ശതമാനം ഓഹരിയും, ഫേസ്ബുക്കിന് 30 ശതമാനം ഓഹരിയും ഉണ്ടായിരിക്കും. ഏകദേശം ₹855 കോടി രൂപയുടെ പ്രാരംഭ നിക്ഷേപമാണ് രണ്ട് പങ്കാളികളും ചേർന്ന് നടത്തിയിരിക്കുന്നത്. 2025 ഒക്ടോബർ 24ന് ഇന്ത്യയിൽ ഔദ്യോഗികമായി സ്ഥാപിതമായ ആർഇഐഎൽ, റിലയൻസ് ഇന്റലിജൻസിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായിരിക്കും. പ്രാരംഭ മൂലധനമായി ₹2 കോടി മൂല്യമുള്ള 20 ലക്ഷം ഇക്വിറ്റി ഓഹരികൾ റിലയൻസ് ഇന്റലിജൻസ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
പങ്കാളിത്തത്തിലൂടെ, രണ്ട് കമ്പനികളും അവരുടെ എന്റർപ്രൈസ് സാങ്കേതിക ശേഷി ശക്തിപ്പെടുത്താനും ബിസിനസുകൾക്കായി എഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. സംരംഭപരമായ പരിഹാരങ്ങളിൽ എഐയുടെ ഉയർന്ന പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്ന് ടെക് വിദഗ്ധർ വിലയിരുത്തുന്നു
reliance intelligence limited and meta’s facebook overseas form a joint venture, reil, to develop and market enterprise ai services in india.
