രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 3500 ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങുകയാണ്. ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും രാജ്യത്തുടനീളമുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനുമായാണ് പുതിയ നിയമനങ്ങൾ. ജൂൺ മാസത്തിൽ ബാങ്ക് 505 പ്രൊബേഷണറി ഓഫീസർമാരെ (PO) നിയമിച്ചതായി എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ഡെവലപ്മെന്റ് ഓഫീസറുമായ കിഷോർ കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സമാനമായ രീതിയിലുള്ള മറ്റ് ഒഴിവുകൾ നികത്തുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐടിയും സൈബർസുരക്ഷയും കൈകാര്യം ചെയ്യുന്നതിനായി ഏകദേശം 1300 പ്രത്യേക ഉദ്യോഗസ്ഥരെ ഇതിനകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമന പദ്ധതിയുടെ ഭാഗമായി 541 പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്കുള്ള പരസ്യവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പിഓകളിലേക്കുള്ള നിയമനം പ്രിലിമിനറി, മെയിൻ, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിങ്ങനെ നാല് ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെയാണ്. കൂടാതെ, ഏകദേശം 3000 സർക്കിൾ അധിഷ്ഠിത ഓഫീസർമാരെ ഇപ്പോൾ പരിഗണിക്കുന്നുണ്ട്. ഇത് നടപ്പ് സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും-അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി ബാങ്കിന്റെ മൊത്തം നിയമനങ്ങൾ ഏകദേശം 18,000 ആയിരിക്കുമെന്ന് ഈ വർഷമാദ്യം എസ്ബിഐ ചെയർമാൻ സി.എസ്. സെറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏകദേശം 13500 എണ്ണം ക്ലറിക്കൽ റിക്രൂട്ട്മെന്റുകളായിരിക്കും, ബാക്കിയുള്ളവർ പ്രൊബേഷണറി ഓഫീസർമാരും പ്രാദേശിക ഓഫീസർമാരുമായിരിക്കും. ആദ്യ പാദത്തിൽ, രാജ്യത്തുടനീളമുള്ള ശാഖകളിൽ ഉപഭോക്തൃ അനുഭവം വർധിപ്പിക്കുന്നതിനായി 13455 ജൂനിയർ അസോസിയേറ്റുകളെയും 505 പിഒമാരെയും നിയമിക്കുമെന്നും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐയിൽ ആകെ 2.4 ലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. ഇത് രാജ്യത്തെ ഏതൊരു സ്ഥാപനത്തിലെയും ബാങ്കിംഗ് വ്യവസായത്തിലെയും ഏറ്റവും ഉയർന്നതാണ്.
അഞ്ച് വർഷത്തിനുള്ളിൽ വനിതാ ജീവനക്കാരുടെ എണ്ണം 30 ശതമാനമായി ഉയർത്താനും എസ്ബിഐ ലക്ഷ്യമിടുന്നതായി ചെയർമാൻ മുൻപ് വ്യക്തമാക്കിയിരുന്നു. നേതൃത്വപരമായ റോളുകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും ഭാവിയിലെ മികച്ച വനിതാ എക്സിക്യൂട്ടീവുകളുടെ ശക്തമായ പൈപ്പ്ലൈൻ നിർമിക്കുന്നതിനുമായി നിരവധി പദ്ധതികളാണ് എസ്ബിഐ നടപ്പിലാക്കുന്നത്. നേതൃത്വ ലാബുകളും കോച്ചിംഗ് സെഷനുകളും വഴി സ്ത്രീകളെ തിരിച്ചറിയുകയും, മെന്റർ ചെയ്യുകയും, പരിശീലിപ്പിക്കുകയും ചെയ്യുന്ന ‘എംപവർ ഹെർ’ പോലുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
sbi is set to hire 3500 officers (including po and cbo) to improve efficiency and services. this is part of the bank’s plan to recruit a total of 18,000 employees.
