രാജസ്ഥാനിൽ വർഷാവർഷം നടക്കുന്ന പുഷ്‌കർ മേള ഞെട്ടിക്കുന്ന വിലയുള്ള മൃഗങ്ങളെക്കൊണ്ട് ശ്രദ്ധയാകർഷിക്കാറുണ്ട്. ഇത്തവണയും അത് ആവർത്തിക്കുകയാണ്. മേളയിലെ പ്രധാന താരങ്ങൾ ഒരു പോത്തും ഒരു കുതിരയുമാണ്. രാജസ്ഥാനിൽ നിന്നുള്ള അൻമോൽ എന്ന പോത്തിന് കണക്കാക്കിയിരിക്കുന്ന മൂല്യം 23 കോടി രൂപയാണ്. അതേസമയം, ഛണ്ഡീഗഡിൽ നിന്നുള്ള ഷഹ്ബാസ് എന്ന കുതിരയ്ക്കാകട്ടെ 15 കോടി രൂപയാണ് വില കണക്കാക്കുന്നത്. മേളയുടെ ചരിത്രത്തിലെതന്നെ ഏറ്റവം വിലകൂടിയ മൃഗങ്ങളാണ് ഇവയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജകീയ ജീവിതമാണ് ഈ മൃഗങ്ങൾക്ക് ഉടമകൾ നൽകുന്നതെന്നാണ് റിപ്പോർട്ട്. അൻമോൽ എന്ന പോത്തിനെ ഉടമയായ പൽമീന്ദ്ര ദിവസവും പാലും, നാടൻ നെയ്യും, ഉണങ്ങിയ പഴങ്ങളുമെല്ലാം ഭക്ഷണമായി നൽകിയാണത്രേ വളർത്തുന്നത്. ഗാരി ഗിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള, രണ്ടര വയസ്സുള്ള കുതിരയാണ് ഷഹ്ബാസ്. ഷഹ്ബാസ് ഇതിനകംതന്നെ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. 9 കോടി രൂപ വരെ ആളുകൾ കുതിരയ്ക്കായി വാഗ്ദാനം ചെയ്തെങ്കിലും ഗിൽ 15 കോടി രൂപയിൽ ഉറച്ചുനിൽക്കുകയാണ്.
4300ലധികം മൃഗങ്ങളാണ് ഇത്തവണ പുഷ്കർ മേളയിൽ അണിനിരന്നതെന്ന് സംഘാടകർ അറിയിച്ചു. ഇതിൽ 3000ത്തിലധികം കുതിരകളും ആയിരത്തോളം ഒട്ടകങ്ങളും ഉൾപ്പെടുന്നു. വിവിധ തരത്തിലുള്ള പശുക്കളും മേളയുടെ ആകർഷണമാണ്.
pushkar fair attracts attention with high-value animals; anmol buffalo valued at ₹23 crore and shahbaz horse at ₹15 crore are the main attractions.