പശ്ചിമാഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) കാമ്പസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി നൈജീരിയ. ഇന്ത്യയുടെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളെ ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ വ്യാപനത്തിലെ പ്രധാന ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്ന നീക്കം, വിദേശത്ത് കാമ്പസുകൾ സ്ഥാപിക്കാനും ആഗോള സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യൻ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) ചേർന്നുപോകുന്നതാണ്.

അബുജയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായുള്ള കൂടിക്കാഴ്ചയിൽ നൈജീരിയൻ വിദ്യാഭ്യാസ മന്ത്രി ഡോ. മറൂഫ് അലൗസ പദ്ധതി സ്ഥിരീകരിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
നൈജീരിയൻ അക്കാഡമി ഫോർ ദി ഗിഫ്റ്റഡ് എന്നും അറിയപ്പെടുന്ന സുലേജയിലെ ഫെഡറൽ ഗവൺമെന്റ് അക്കാഡമിയിൽ (FGA) ആയിരിക്കും ഐഐടി കാമ്പസ് വരിക. ശക്തമായ അക്കാഡമിക് അന്തരീക്ഷവും പ്രാദേശിക ശാസ്ത്ര സാങ്കേതിക കേന്ദ്രമായി പ്രവർത്തിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ സ്ഥലം തിരഞ്ഞെടുത്തത്. ഇന്ത്യയുടെ പിന്തുണയോടെ അക്കാഡമിയെ മികവിന്റെ കേന്ദ്രമായി ഉയർത്തുമെന്ന് നൈജീരിയൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
nigeria to host the first iit campus in west africa at federal government academy, suleja, as part of india’s global education outreach.
