അധിക കാലമെടുക്കാതെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാർക്ക് നടന്നു തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വിമാനം കയറാനെത്താം. വിമാനത്താവളത്തിന് തൊട്ടടുത്തു തന്നെ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു . കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. അതിനുള്ള സ്ഥിരീകരണമാണ് ഇപ്പോൾ ലഭിച്ചത്.

നെടുമ്പാശേരി എയർപോർട്ടിലെ സോളാർ പാടത്തിന് സമീപമായാണ് പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയിടുന്നത്. അത്താണി ജങ്ഷൻ – എയർപോർട്ട് റോഡിലുള്ള മേൽപ്പാലം കഴിഞ്ഞിട്ടാകും പ്ലാറ്റ്ഫോം ആരംഭിക്കുക. ഈ ഭാഗത്ത് ട്രാക്കിനു ഇരുവശത്തും റെയിൽവേ ഭൂമി ലഭ്യമാണ്. ഈ ഭൂമി ഉപയോഗിച്ചിട്ടാണ് പുതിയ സ്റ്റേഷൻ നിർമിക്കുക.
കഴിഞ്ഞ വർഷം ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം വിൻഡോ – ട്രെയിലിങ് ഇൻസ്പെക്ഷനിൽ പങ്കെടുത്തു നിർദിഷ്ട സ്ഥലത്തു തന്നെയാകും റെയിൽവേ സ്റ്റേഷൻ ഉയരുകയെന്നു ഉറപ്പാക്കിയിരുന്നു . റെയിൽവേ മന്ത്രിയുടെ ഇൻസ്പെക്ഷന് പിന്നാലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ബോർഡിൻറെ അനുമതി വന്നത്.
നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമായാൽ ഇൻ്റർസിറ്റി ട്രെയിനുകൾക്കും വന്ദേ ഭാരതിനും ഉൾപ്പെടെ ഇവിടെ സ്റ്റോപ്പ് ഉണ്ടാകും. നിലവിൽ എയർപോർട്ടിലെത്താൻ ടാക്സിയും മറ്റും ആശ്രയിക്കേണ്ടിവരുന്ന യാത്രക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. നിലവിൽ ആലുവ റെയിൽവേ സ്റ്റേഷനാണ് നെടുമ്പാശേരി എയർപോർട്ടിന് അടുത്തുള്ളത്. ഇവിടെ നിന്ന് എയർപോർട്ടിലേക്ക് ടാക്സിയിൽ പോകാൻ വേണ്ടി വരുന്ന തുകയും സമയവും ലാഭിക്കാൻ വിമാനത്താവളത്തിനടുത്തു റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആംഭിച്ചാൽ കഴിയും.
railway board approves construction of nedumbassery airport railway station near the solar farm, allowing direct access for travelers to cial.
