ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് റിപ്പയർ ക്ലസ്റ്റർ കൊച്ചിയിൽ സ്ഥാപിക്കും. ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിലാണ് (ISRF) ക്ലസ്റ്റർ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് ഡിപി വേൾഡ് (DP World) കമ്പനിയായ ഡ്രൈഡോക്സ് വേൾഡും (Drydocks World) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (CSL) കരാറിൽ ഒപ്പുവെച്ചു.

പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഐഎസ്ആർഎഫിൽ, അത്യാധുനിക ഷിപ്പ് ലിഫ്റ്റ് സംവിധാനവും വിവിധതരം കപ്പലുകൾക്ക് സേവനം നൽകാൻ കഴിവുള്ള ആധുനിക ഡോക്കിംഗ് സൗകര്യങ്ങളും ഉണ്ട്. സിഎസ്എല്ലും ഡ്രൈഡോക്സ് വേൾഡും ഒരുമിച്ച് കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ മേഖലയിലെ സഹകരണ മാതൃകകൾ വിലയിരുത്തും. ഈ സഹകരണം ഇന്ത്യയുടെ സമുദ്ര ശേഷികളിൽ ഭാവിയിലെ വളർച്ചയെ സുഗമമാക്കും. ഇതോടൊപ്പം ആഗോള സമുദ്ര സേവനങ്ങൾക്കുള്ള വളർന്നുവരുന്ന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനത്തിന് മികച്ച സംഭാവന നൽകും.
മുംബൈയിൽ നടന്ന 2025 ലെ ഇന്ത്യ മാരിടൈം വീക്കിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി (MoPSW) സർബാനന്ദ സോണോവാളിന്റെയും ഡിപി വേൾഡിന്റെ ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായേമിന്റെയും സാന്നിധ്യത്തിൽ ഡ്രൈഡോക്സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ അന്റോലോവിച്ചും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്.നായരും തമ്മിൽ ധാരണാപത്രം കൈമാറി.
ഡ്രൈഡോക്സ് വേൾഡിന്റെ അന്താരാഷ്ട്ര വൈദഗ്ധ്യവും സിഎസ്എല്ലിന്റെ ആഴത്തിലുള്ള പ്രാദേശികാനുഭവവും ഒരുമിച്ച് കൊണ്ടുവന്ന്, കാര്യക്ഷമത, സുസ്ഥിരത, നൂതനത്വം എന്നിവയിൽ അധിഷ്ഠിതമായ നൂതന കപ്പൽ അറ്റകുറ്റപ്പണി ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റൻ അന്റോലോവിച്ച് പറഞ്ഞു. ഈ സഹകരണം മേഖലയിലെ ഏറ്റവും ആദരണീയമായ രണ്ട് സമുദ്ര സംഘടനകളെ ഒരുമിച്ച് കൊണ്ടുവരുന്നതായി മധു.എസ്.നായർ വ്യക്തമാക്കി.
അടുത്ത തലമുറയിലെ കപ്പൽ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന സ്ഥലമായി കൊച്ചിയെ സ്ഥാപിക്കുന്ന മാരിടൈം അമൃത് കാൽ വിഷൻ 2047 മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചുവടുവെയ്പ്പാണ് കരാർ പ്രതിനിധീകരിക്കുന്നത്.
india’s first ship repair cluster to be established at kochi’s international ship repair facility through a partnership between drydocks world and csl.


 
