ചെറിയ സാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വന്ന നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ബൊമ്മൻ ഇറാനി. സിനിമയിൽ എത്തുന്നതിനു മുൻപ് മുംബൈ താജ് മഹൽ പാലസ്സിൽ വെയ്റ്ററായിരുന്നു അദ്ദേഹം. അതിനുശേഷം അദ്ദേഹം ചെറിയൊരു സ്നാക്ക് ഷോപ്പും നടത്തിയിരുന്നു.

പഠനത്തിൽ പിന്നിലായിരുന്ന ബൊമ്മൻ പത്താം തരം കഴിഞ്ഞ് കുറച്ചു കാലങ്ങൾക്കു ശേഷമാണ് താജിലെത്തിയത്. 105 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്റെ മാസശമ്പളം. പിന്നീട് പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്നാക്ക് ഷോപ്പ് ബൊമ്മൻ ഇറാനിക്ക് ഏറ്റെടുത്ത് നടത്തേണ്ടതായി വന്നു. 31ആം വയസ്സിലായിരുന്നു ഇത്. അതേസമയംതന്നെ അദ്ദേഹം ഫോട്ടോഗ്രാഫി, നാടകം തുടങ്ങിയവയുമായി മുന്നോട്ടുപോയി. അങ്ങനെയാണ് 2000ത്തിൽ ആദ്യമായി അദ്ദേഹം സിനിമയിലും എത്തുന്നത്.
സ്വന്തമായി ചെയ്ത ഷോർട്ട്ഫിലിം വിധു വിനോദ് ചോപ്രയുടെ ശ്രദ്ധയിൽപ്പെട്ടതാണ് സിനിമാരംഗത്ത് ബൊമ്മൻ ഇറാനിയുടെ തലവര മാറ്റിയത്. അത് രാജ്കുമാർ ഹിരാനിയുടെ മുന്നാബായ് എംബിബിഎസ്സിലെ റോളിലേക്ക് നയിച്ചു. പിന്നീട് നടന്നത് ചരിത്രം. അടുത്തിടെ അദ്ദേഹം താൻ ജോലി ചെയ്ത താജിൽ ഒരു പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധയാകർഷിച്ചിരുന്നു.
once a waiter earning ₹105 at the taj mahal palace, boman irani rose to become one of bollywood’s most loved and inspiring actors.
