സ്റ്റാർട്ടപ്പുകൾക്ക് കടലോളം അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ
ഏഴാം പതിപ്പിന് ഡിസംബറിൽ കോവളത്ത് തിരിതെളിയും. ഹഡിൽ ഗ്ലോബൽ 2025 ലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കുകയാണ് ലക്‌ഷ്യം. സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയുടെ ബഹുമുഖ വികസനത്തിന് ഹഡിൽ ഗ്ലോബൽ വഴിയൊരുക്കും. സ്റ്റാർട്ടപ്പുകളുടെ മികച്ച ആശയങ്ങളേയും സംരംഭങ്ങളേയും പരിപോഷിപ്പിക്കുന്നതിനും മൂലധനം കണ്ടെത്തുന്നതിനും ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയാണ് ഹഡിൽ ഗ്ലോബൽ.

നിർമ്മിതബുദ്ധി, റോബോട്ടിക്സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന ‘എമർജിംഗ് ടെക്നോളജി സോൺ’, യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്. സ്റ്റാർട്ടപ്പുകൾക്കും നൂതനാശയക്കാർക്കും പുത്തൻ വാതായനങ്ങൾ തുറന്ന് നല്കുന്ന ‘സസ്റ്റെയനബിലിറ്റി സോൺ’ ആണ് മറ്റൊരു പ്രത്യേകത. സ്റ്റാർട്ടപ്പുകൾക്കായുള്ള ഫണ്ടുകളും നിക്ഷേപക അവസരങ്ങളും കാത്തിരിക്കുന്നതാണ് ‘ഫണ്ടിംഗ് മാനിയ’. ഏറ്റവും പുതിയ മാർക്കറ്റിംഗ്- ബ്രാൻഡിംഗ് സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതാണ് ‘മാർക്കറ്റിംഗ് മാഡ്നെസ്’. ബിസിനസ് നെറ്റ് വർക്കിംഗിനെയും ബി 2 ബി സഹകരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന ‘ബിസിനസ് സ്ഫിയർ’, സ്റ്റാർട്ടപ്പ് സ്ഥാപകരേയും സഹസ്ഥാപകരെയും മെൻറർമാരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ‘ഹഡിൽ സ്പീഡ് ഡേറ്റിംഗ്’, ഡീപ്ടെക് ടെക്നോളജി മേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളുടേയും വിദ്യാർത്ഥികളുടേയും ഗവേഷകരുടേയും എക്സ്പോ ശ്രദ്ധേയമാക്കുന്ന ‘ഡീപ്ടെക് സോൺ’, അന്താരാഷ്ട്ര വിപണികളിലും ആഗോള സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകളും പവലിയനുകളും ഉൾപ്പെടുന്ന ‘ബിയോണ്ട് ബോർഡേഴ്സ് , നിർമ്മിതബുദ്ധിയുടെ സാധ്യതകൾ അവലോകനം ചെയ്യുന്ന ‘ജെൻ എഐ വർക്ക്ഷോപ്പ്’, വനിതാ സംരംഭകരെ മുന്നിൽക്കണ്ടുള്ള വിമൻ ഇൻ ലീഡർഷിപ്പ് ടോക്കുകൾ, വനിതാ സംരംഭക എക്സ്പോ, വനിതാ ഇന്നൊവേറ്റ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ‘വിമൺ സോൺ’ എന്നിവ ഇത്തവണത്തെ ഹഡിൽ ഗ്ലോബലിൻറെ വൈവിധ്യങ്ങളാണ്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 11 മുതൽ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിൽ നടക്കുന്ന ‘ഹഡിൽ ഗ്ലോബൽ 2025’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആൻറ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ രജിസ്ട്രേഷനുള്ള 7000 ലധികം സ്റ്റാർട്ടപ്പുകൾക്കൊപ്പം ഡീപ്ടെക്- ഹൈ വാല്യു സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും പ്രകടനത്തിലും മികവ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. ഇതിനായി തിരുവനന്തപുരത്ത് എമർജിംഗ് ടെക്നോളജി ഹബ് ആരംഭിക്കാൻ പദ്ധതിയുണ്ട്. കെഎസ്‌യുഎമ്മിൻറെ ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ഫീഡർ ഫണ്ട് എന്ന ആശയം നടപ്പിലാക്കുമെന്നു കെഎസ്‌യുഎം സിഇഒഅനൂപ് അംബിക അറിയിച്ചു.
കമ്പനി-സ്റ്റാർട്ടപ്പ് കണക്റ്റ്, ജിസിസി റൗണ്ട് ടേബിൾ, ജിസിസി ഇന്നൊവേഷൻ ബ്രിഡ്ജ് തുടങ്ങിയവ സ്റ്റാർട്ടപ്പ് സംഗമത്തിനെ ആകർഷകമാക്കും. 5,000 ത്തിലധികം സന്ദർശകർ, 200 ലധികം പ്രഭാഷകർ, 150 ലധികം നിക്ഷേപകർ, 300 ലധികം എച്ച്എൻഐകൾ, 100 ലധികം എക്സിബിറ്റർമാർ, ഇന്ത്യയിലും വിദേശത്തുമുള്ള 3,000 സ്റ്റാർട്ടപ്പുകൾ എന്നിവർ പങ്കെടുക്കും.
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 20000 ത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കും. സ്കൂളുകളിലെ ഏർലി ഇന്നവേഷൻ സെൻററുകൾ, കോളേജുകളിലെ ഫാബ് ലാബുകൾ, ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഫ്രീഡം സ്ക്വയറുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സ്റ്റാർട്ടപ്പ് സംഗമമായി ഹഡിൽ ഗ്ലോബൽ മാറുമെന്നും സീറാം സാംബശിവ റാവു കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര സാങ്കേതിക ലക്ഷ്യസ്ഥാനമായി തിരിച്ചറിയപ്പെടുന്നതിലേക്കുള്ള കേരളത്തിൻറെ വലിയ ചുവടു വയ്പ്പുകളിലൊന്നാണ് ഹഡിൽ ഗ്ലോബൽ 2025 എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, ഭക്ഷ്യ-കാർഷികമേഖല, ആരോഗ്യ സംരക്ഷണം, ലൈഫ് സയൻസസ്, നവീന ഊർജ്ജമേഖലകൾ തുടങ്ങിയവയിൽ ഇത്തവണത്തെ ഹഡിൽ ഗ്ലോബൽ ശ്രദ്ധ കേന്ദ്രീകരിക്കും. മികച്ച ആശയങ്ങളും പരിഹാരങ്ങളുമായെത്തുന്ന സ്റ്റാർട്ടപ്പ് സംരംഭകർക്ക് മാർഗനിർദ്ദേശം,വിശ്വാസ്യത, മൂലധനം തുടങ്ങിയവ ലഭ്യമാക്കുന്നൊരിടമായി ഹഡിൽ ഗ്ലോബൽ പ്രവർത്തിക്കുന്നു.
ഏഷ്യയിലെ ഏറ്റവും ചലനാത്മകമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിൽ ഒന്നായി കേരളം ഉയർന്നു വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇന്നവേഷൻ പരിപാടികളിലൊന്നായി ഹഡിൽ ഗ്ലോബൽ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മിത ബുദ്ധി (എഐ), ഫിൻടെക്, ബ്ലോക്ക് ചെയിൻ, ഹെൽത്ത്ടെക്, ലൈഫ് സയൻസസ്, ഓഗ്മെൻറഡ്/വെർച്വൽ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകൾക്ക് ഹഡിൽ ഗ്ലോബൽ പ്രാധാന്യം നല്കും. ഈ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ മികച്ച ആശയങ്ങൾ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചർച്ചകൾ, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകൾ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭിക്കും.
ഇൻവെസ്റ്റർ ഓപ്പൺ പിച്ചുകൾ, ഫൗണ്ടേഴ്സ് മീറ്റ്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, സൺ ഡൗൺ ഹഡിൽ, റൗണ്ട്ടേബിളുകൾ എന്നിങ്ങനെയുള്ള സെഷനുകൾ ഇക്കൊല്ലത്തെ ഹഡിൽ ഗ്ലോബലിൽ ഉണ്ടാകും. പിച്ച് മത്സരങ്ങൾ, സ്റ്റാർട്ടപ്പ് എക്സ്പോകൾ, നിക്ഷേപക സംഗമങ്ങൾ, ഫയർസൈഡ് ചാറ്റുകൾ, മാസ്റ്റർക്ലാസുകൾ, ക്യൂറേറ്റഡ് നെറ്റ് വർക്കിംഗ് അനുഭവങ്ങൾ എന്നിവയും സ്റ്റാർട്ടപ്പ് സംഗമത്തെ ആകർഷകമാക്കും.
സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മുൻകാല ഹഡിൽ ഗ്ലോബൽ വേദികളിൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾ, ആഗോള നിക്ഷേപകർ, സർക്കാർ ഏജൻസികൾ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ബെൽജിയം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിനും ഹഡിൽ ഗ്ലോബൽ വഴിയൊരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളെയും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാക്കാനായി.
The 7th edition of Huddle Global, Asia’s largest beachside startup summit, will be held in Kovalam from December 11-13. Organized by KSUM, the event aims to secure ₹100 Cr funding for Kerala startups, focusing on AI, Deeptech, and Sustainability.