1983 ജൂൺ 25, ക്ലാസിക് വൈറ്റ് ജഴ്സിയിൽ ഇംഗ്ലണ്ടിന്റെ ചാരനിറമാർന്ന ആകാശത്തിന് കീഴെ കപ്പുമായി നിന്ന കപിൽദേവും അദ്ദേഹത്തിന്റെ ചെകുത്താൻമാരും.. വെസ്റ്റ് ഇൻഡീസിനെ 43 റൺസിന് തോൽപ്പിക്കുമ്പോൾ, ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ തലകുറി മാറുകയായിരുന്നു, ക്രിക്കറ്റ് കളിക്കാൻ വന്ന അടിമകൾ എന്ന വെള്ളക്കാരന്റെ പുശ്ചത്തിൽ നിന്ന് ആ കളിയിൽ രസച്ചരട് കണ്ടെത്തിയ ഒരു നാടിന്റെ ഉയിർപ്പായിരുന്നു അത്..അന്ന് കപിലിനൊപ്പം സുനിൽ ഗവാസ്ക്കറും, ശ്രീകാന്തും, മൊഹീന്ദർ അമർനാഥും തുടങ്ങിവെച്ച ക്രിക്കറ്റിലെ ഇന്ത്യാവത്കരണത്തിനാണ് ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിൽ നവി മുംബൈയിൽ പുതിയ അധ്യായം എഴുതിയത്. 83-ലെ ആദ്യ ലോകകപ്പിന് ശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഈ നാല് പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് എവിടേക്കാണ് വളർന്നത്. ലോകത്തെ ഒരു രാജ്യത്തിനും എത്തിപ്പിടിക്കാനാകാത്ത അത്ര ഉയരെ, പണം കൊണ്ടും പവറ് കൊണ്ടും പ്രഹരശേഷി കൊണ്ടും പദവി കൊണ്ടും Board of Control for Cricket in India, അഥവാ BCCI ഒജി ആണിന്ന് , ദ ഒറിജിനൽ ഗ്യാംഗ്സ്റ്റർ!
ബൂട്ടും ഗ്ലൗസും പാടുമണിഞ്ഞ് ചരിത്രത്തിലെ ആദ്യ കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. അവരുടെ കണ്ണുകൾ ആനന്ദം കൊണ്ട് നിറഞ്ഞ് തുളുമ്പിയപ്പോൾ അത് കേവലം ഒരു വനിതാ ലോകകപ്പ് ജയം മാത്രമായിരുന്നില്ല ഇന്ത്യൻ ക്രിക്കറ്റിന്..ലോകത്തെ ക്രിക്കറ്റ് എന്ന കളിയെ ഇന്ന് ഉള്ളം കയ്യിൽ നിയന്തിക്കുന്ന, ലോക ക്രിക്കറ്റിന്റെ ഹെഡ് ആപ്പീസായി മാറിയിരിക്കുന്ന ബിസിസിഐ-യുടെ താരചക്രവർത്തി പദത്തിന് അപ്രമാദിത്വം ഉറപ്പിക്കുകയായിരുന്നു ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിലെ ആ 11 പെൺപുലികൾ!


പണക്കാരനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ, തൊഴിൽ ഉടമയെന്നോ-തൊഴിലാളിയെന്നോ വേർതിരിവില്ലാതെ ഭാഷയോ ജാതിയോ വ്യത്യാസമില്ലാതെ, ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലും മാനത്തെ നക്ഷത്രങ്ങൾക്ക് തുല്യമായി ആരാധിക്കപ്പെടുന്ന ഈ നാടിന്റെ താരങ്ങൾ.. കപിലിനും ഗവാസ്ക്കറിനും പിന്നാലെ സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, സൗരവ് ഗാംഗുലി, വീരേന്ദ്ര സെവാഗ്, യുവരാജ് സിംഗ്, ധോണി, വിരാട് കോലി അങ്ങനെ രോഹിത് ശർമ്മയും ബുംമ്രയും വരെ നീളുന്ന താരരാജാക്കന്മാർ! ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ വൈവിദ്ധ്യമാണ്. ആ വൈവിദ്ധ്യത്തിൽ പിറന്നതാണ് 2007-ലെ ടി20 വേൾഡ് കപ്പിൽ ജോഹന്നാസ്ബർഗിൽ പാകിസ്ഥാനെ 5 റൺസിന് തകർത്ത് നേടിയ കപ്പും, 2011-ൽ വാംഘടെ സ്റ്റേഡിയറ്റിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി, ധോണിയുടെ നേതൃത്വത്തിൽ തന്നെ നേടിയ ലോകകപ്പ് ജയവും, 2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ നേടിയ T20 ജയവും, 2025-ഐസിസി ചാമ്പന്യൻസ് ട്രോഫി ജയവും, 2025-ലെ വനിതാ ലോകകപ്പ് ജയവും എല്ലാം.. കാരണം ഈയിടെയായുള്ള എല്ലാ ജയത്തിനും ഒരൊറ്റ കളറേയുള്ളൂ, അശോകചക്രം ആലേഖനം ചെയ്ത ത്രിവർണ്ണ നിറം!

ഇന്ത്യൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐ ഇന്ന് കേവലം ഒരു കളിക്കമ്മിറ്റിയല്ല, അത് ഒരു കോർപ്പറേറ്റ് പ്രസ്ഥാനം ആയിരിക്കുന്നു. എന്താ മണിപവർ എന്ന് അറിയാമോ? 20,000 കോടിയുടെ ക്യാഷ് റിസർവുള്ള ഒരു ഫിനാൻഷ്യൽ കോർപ്പറേറ്റ്! ഒരു ഐപിഎൽ പ്രഖ്യാപിച്ചാൽ 100 കോടി കാഴ്ച്ചക്കാരെ മിനിമം ഉറപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ എന്റർടൈൻമെന്റ് കോർപ്പറേറ്റ്! പണം പെരുക്കുന്ന ഓഹരിക്കമ്പോളത്തിലെ, വോൾസ്ട്രീറ്റ് പോലെ, സിനിമയെന്ന വിനോദവ്യവസായത്തിലെ ഹോളിവുഡ് പോലെ, സംരംഭകർക്ക് സിലിക്കൺ വാലി പോലെ.. ക്രിക്കറ്റിന് ഒരേ ഒരു നിർവ്വചനം! ബിസിസിഐ! 100 വർഷമെന്ന അനുപമമായ ചുവടുവയ്പിലേക്ക് കടക്കുകയാണ് ബിസിസിഐ എന്ന് എത്രപേർക്ക് അറിയാം. 1928-ൽ ചെന്നൈയിൽ അന്നത്തെ മദ്രാസിൽ ഒകുകൂട്ടം കളിക്കമ്പക്കാരുടെ ആവേശത്തിൽ തുടങ്ങിയ പ്രസ്ഥാനം. 1940-ൽ മദ്രാസിൽ Board of Control for Cricket in India, BCCI സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. ഇന്ന് ഏറ്റവും റിച്ചസ്റ്റായ, കളിക്കളത്തിന്റെ ചക്രവർത്തിയായി മാറിയ, ഏറ്റവും ഇൻഫ്ലുവൻഷ്യലായ ഈ ഭൂഗോളത്തിലെ ഒരേഒരു കായിക സംഘടന!

ഇന്ത്യയ്ക്ക് ക്രിക്കറ്റ് ഇന്ന് കേവലം വിനോദോപാധിയായ കളിയല്ല, ഫൊർച്യൂൺ 500 കമ്പനികളെ കവച്ചുവെക്കുന്ന ബിസിനസ് മോഡലാണ്. ബൗളര് എറിയുന്ന ഓരോ ഓവറിലും ബിസിസിഐ പുതിയ ബ്രാൻഡ് അസറ്റുകൾ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുന്നു. Disney Star, Viacom18, Dream11, Mastercard, Tata, എന്നീ വമ്പന്മാരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ പാർട്ണേഴ്സ്. ബിസിസിഐയുടെ മൂല്യം പല മൾട്ടിബില്യൺ ഡോളർ കമ്പനികളുടെ അസറ്റിനേയും മറികടക്കും. എന്തിന് പല ചെറിയ രാജ്യങ്ങളുടെ ജിഡിപി-യെ പോലും. ഒരുകാലത്ത് ഇന്ത്യയിലെ ജെന്റിൽമെൻസ് ഗെയിം എന്ന് അറിയപ്പെട്ടിരുന്ന ക്രിക്കറ്റ് ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രോഫിറ്റബിളായ എക്സ്പോർട്ട് ബിസിനസ്സ് ആയിരിക്കുന്നു. ബിസിസിഐ-യുടെ ഇന്നത്തെ മൂല്യമെന്തെന്നോ, 18,000 കോടി! കളിയെ കോടികൾ മൂല്യമുള്ള കേളിയാക്കുന്ന ഇന്ത്യൻ മാജിക്!
കോലിയെപോലെ, ബുംമ്ര-യെ പോലെ, ശുഭ്മാൻ ഗില്ലിനെപ്പോല, സൂര്യകുമാർ യാദവിനെപ്പോലെ, ഹർദ്ദിക് പാണ്ഡ്യെ പോലെ എണ്ണം പറഞ്ഞ കളിക്കാർ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയിലും വെസ്റ്റ്ഇൻഡിസിലും പാകിസ്ഥാനിലും ഉണ്ടാകും. പക്ഷെ നമ്മുടെ താരങ്ങളെപ്പോലെ സെക്കന്റുകൾക്ക് കോടികൾ മൂല്യമുള്ള എത്ര കളിക്കാരെ സൃഷ്ടിക്കാൻ അവർക്കായിട്ടുണ്ട്? കളിയായാലും കലയായാലും കപ്പലണ്ടി മുട്ടായി ആയാലും മാർക്കറ്റ് ചെയ്യണം. വിൽക്കാൻ പറ്റാത്ത ടാലന്റ് കൊണ്ട് എന്ത് ഗുണം? ആ മാർക്കറ്റിംഗിന്റെ ഉസ്താദാണ് നമ്മുടെ BCCI ഇന്ന്.

ഇന്ന് ഐസിസി-യുടേയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റേയും ചെയർമാൻ ജയ്ഷാ ആണ്. ചരിത്രത്തിലാദ്യമായാണ് ഐസിസി-യും എസിസി-യും ഒരാൾ ഭരിക്കുന്നത്.. ജയ്ഷാ ഭരിക്കുന്നു എന്നുവെച്ചാൽ ഇൻഡ്യ ഭരിക്കുന്നു എന്നർത്ഥം!
ഈ ക്രിക്കറ്റിലൂടെയാണ് സച്ചിനും ധോണിയും കോലിയും ഒക്കെ ലോകാരാധ്യരായത്. ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലോ, ഐപിഎല്ലിലോ എത്തുക എന്നത് ലോകത്തെ ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന, കൊതിക്കുന്ന നേട്ടമായിരിക്കുന്നു. പണവും പ്രശസ്തിയും ആരാധനയും ഇത്രത്തോളം ഏത് സിനിമാ താരത്തിനാണ് കിട്ടുക? ഇക്കഴിഞ്ഞ ഐപിഎല്ലിൽ റിഷഭ് പന്തിനെ ല്ക്നൗ സൂപ്പർ ജയന്റ്സ് വാങ്ങിയത് 27 കോടിക്കാണ്. ശ്രേയസ് ഐയ്യരുടെ വില 26 കോടിക്ക് മുകളിൽ. വെങ്കിടേഷ് ഐയ്യർക്ക് 23 കോടി.. അങ്ങനെ പാഞ്ഞ് വരുന്ന പന്തിനെ പറത്താനും, കയ്യടക്കം കൊണ്ട് പന്തിനെ ലക്ഷ്യത്തിലെത്തിക്കാനും, കളം നിറഞ്ഞ് ഫീൽഡ് ചെയ്യാനും അറിയാവുന്ന, ക്രിക്കറ്റിനെ സാങ്കേതികമായി പഠിച്ച അസാമാന്യ ധൈര്യശാലികൾക്ക് ജീവിതം മാറിമറിയുന്ന ലോട്ടറിയായി ഇന്ത്യൻ ക്രിക്കറ്റ് മാറിക്കഴിഞ്ഞിരിക്കുന്നു.
Indian cricket has transformed from a traditional sport into a global powerhouse, with the BCCI emerging as a highly profitable and influential organization. From Kapil Dev’s 1983 World Cup triumph to recent men’s and women’s ICC victories, Indian players have become iconic figures admired nationwide, while the IPL and strategic partnerships with major brands have turned cricket into a multi-billion-dollar industry. The game now blends athletic excellence, entertainment, and business, creating massive value for players, fans, and the national economy, cementing India’s dominance in the cricketing world.
