ദൈനംദിന ജീവിതത്തിന്റെ നട്ടെല്ലായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളെ സാങ്കേതികമായി ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ഗൂഗിൾ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ചാറ്റ്ജിപിടി തുടങ്ങിയ അമേരിക്കൻ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇന്ത്യയെ യുഎസ് വിലക്കിയാലോ എന്ന വ്യവസായി ഹർഷ് ഗോയങ്കയുടെ ചോദ്യമാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. പോസ്റ്റിന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു നൽകിയ മറുപടിയോടെ അത് വൈറലായി.

അമേരിക്കൻ ആപ്പുകൾ ഇല്ലാത്ത ഒരു ലോകം സങ്കൽപിച്ചുള്ള ഗോയങ്കയുടെ നർമവും ആശങ്കയും ഇടകലർന്ന പോസ്റ്റും അതിനുള്ള ശ്രീധർ വെമ്പുവിന്റെ മറുപടിയുമാണ് വൈറലായിരിക്കുന്നത്. നമുക്ക് വേണ്ടിയുള്ള പ്ലാൻ ബി എന്തായിരിക്കാമെന്നും ഗോയങ്ക ചോദിക്കുന്നു. ആപ്ലിക്കേഷൻ ലെവലിനപ്പുറം OS, ചിപ്പുകൾ, ഫാബുകൾ തുടങ്ങി ഒരുപാട് സാങ്കേതിക ആശ്രിതത്വമുണ്ടെന്ന് ശ്രീധർ വെമ്പു മറുപടിയിൽ പറയുന്നു. അത് കൂടുതൽ ആഴത്തിലേക്ക് പോകുന്നതായും ഇതിനു ബദലായി നമുക്ക് 10 വർഷത്തെ നാഷണൽ മിഷൻ ഫോർ ടെക് റെസിലിയൻസ് ആവശ്യമാണെന്നും വെമ്പു ചൂണ്ടിക്കാട്ടി.
വർഷങ്ങളായി, ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വത്തിനുവേണ്ടി ഏറ്റവും കൂടുതൽ വാദിക്കുന്നവരിൽ ഒരാളാണ് ശ്രീധർ വെമ്പു. ആഗോള സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളിൽ നിന്ന് തദ്ദേശീയ പ്ലാറ്റ്‌ഫോമുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സ്രഷ്ടാക്കളിലേക്ക് മാറണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.
Zoho’s Sridhar Vembu responds to Harsh Goenka’s query on US tech dependency, advocating for a 10-year National Mission for Tech Resilience to build indigenous platforms and infrastructure.