കൊച്ചി പോലെ ഒരു ജനനിബിഡമായ നഗരത്തിൽ, അതിന്റെ ഒത്ത മധ്യത്തിൽ അസാധ്യമെന്ന് കരുതിയ ഒരു മാറ്റം വന്നിരിക്കുകയാണ്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ഉൾപ്പെടുന്ന കറുകപ്പള്ളി ഡിവിഷനിൽ മാലിന്യ സംസ്ക്കരണത്തിന് അത്യാധുനിക പ്ലാന്റ് വന്നിരിക്കുന്നു. ഈ ഡിവിഷനിലെ വീടുകളിലും ഹോട്ടലുകളിലും നിന്ന് പുറന്തള്ളുന്ന ഭക്ഷണ മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള പ്ലാന്റാണിത്. മാലിന്യ സംസ്ക്കാരണത്തിൽ ഉപോൽപ്പന്നമായി കിട്ടുന്ന ഒന്നാന്തരം വളം ഈ ഡിവിഷനിലുള്ളവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ 39-ആം വാർഡ് കൗൺസിലർ ദീപ്തി മേരി വർഗ്ഗീസിന്റെ നേതൃത്വത്തിലാണ് മാലിന്യ സംസ്ക്കരണ പ്ലാന്റ് യാഥാർത്ഥ്യമായത്. ഏറ്റവും ശ്രദ്ധേയമായ ഭാഗം — ഈ മാലിന്യ പ്ലാന്റിൽ നിന്ന് അല്പം പോലും ദുർഗന്ധമോ അഴുക്കോ പുറത്ത് വരില്ല എന്നതാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് അഗ്നിക്കിരയാകുകയും വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയും വെയ്സ്റ്റ് കളക്റ്റ് ചെയ്യാനാകാത്ത ഗുരുതരമായ ഒരു സാഹചര്യത്തിൽ കൊച്ചിയിലെ ഏതാണ്ട് മുഴുവൻ ഡിവിഷനുകളിലും പ്രശ്ങ്ങൾ ഉണ്ടായിരുന്നു.ആ സമയത്താണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചതെന്ന് കൗൺസിലർ ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിനോട് ചേർന്ന് യാതൊരു ദുർഗന്ധവും വരാത്ത തരത്തിൽ അങ്ങേയറ്റം സൂക്ഷമമായി ചെയ്ത പ്ലാന്റാണിത്. മാലിന്യ പ്ലാന്റുകൾ ദുർഗന്ധ ഫാക്ടറികളാണെന്ന മലയാളിയുടെ ധാരണ തിരുത്തുന്ന കേരളത്തിലെ അസാധാരണമായ മുന്നേറ്റമാണിത്. ജിയോജിത് ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി, ജിസിഡിഎയുടെ സഹകരണത്തോടെയാണ് കറുകപ്പള്ളി ഡിവിഷനിലെ ഈ പ്ലാന്റ് യാഥാർഥ്യമാക്കിയത്. ജനങ്ങൾക്കോ പ്രകൃതിക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാത്ത തരത്തിൽ നഗര ഹൃദയത്തിലും മാലിന്യ പ്ലാന്റ് സാധ്യമാകും എന്നാണ് കൗൺസിലർ ദീപ്തി മേരി വർഗ്ഗീസിന്റെ നിശ്ചയദാർഢ്യം സൂചിപ്പിക്കുന്നത്
കോർപ്പറേഷന്റെ ഹെൽത്ത് കമ്മിറ്റിക്ക് കീഴിലെ ജീവനക്കാരാണ് മാലിന്യ സംസ്ക്കരണം നടത്തുന്നത്. ദിവസേന 25 കിലോ പ്രൊസസ് ചെയ്യുന്നു, അതിന്റെ ഉപോൽപ്പന്നമായ വളം ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
Kochi’s Karukappally division, led by Councilor Deepti Mary Varghese, debuts an innovative, odor-free waste plant (assumed BHOOMITHRA model) turning food waste into free fertilizer.
