ഗുരുവായൂർ ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദേവസ്വത്തിന് കൈമാറി. ക്ഷേത്ര ദർശനം നടത്തവേയാണ് മുകേഷ് അംബാനി ചെക്ക് കൈമാറിയത്.

ദേവസ്വം ബോർഡ് നിർമിക്കുന്ന ആശുപത്രിക്കായി 50 കോടി നൽകാമെന്ന് അംബാനി നേരത്തെ സമ്മതിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് 15 കോടിരൂപയുടെ ചെക്ക് കൈമാറിയത്. ദേവസ്വം അധികൃതർ നിർദിഷ്ട ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും മുകേഷ് അംബാനിക്ക് സമർപ്പിച്ചു. എന്ത് സഹായവും നൽകാമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാന് ഉറപ്പ് നൽകി.
ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, ആന്ധ്രാപ്രദേശിലെ തിരുമലയിൽ റിലയൻസ് ഇൻഡസ്ട്രീസ് അത്യാധുനിക അടുക്കള നിർമിക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു മുൻപ് തിരുപ്പതി ക്ഷേത്രം സന്ദർശിച്ച അദ്ദേഹം ക്ഷേത്ര സന്ദർശന വേളയിലാണ് പ്രഖ്യാപനം നടത്തിയത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെയും സംസ്ഥാന സർക്കാറിന്റെയും സഹകരണത്തോടെയാണ് അടുക്കള നിർമിക്കുക.
പ്രതിദിനം രണ്ടുലക്ഷം പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ നൽകും. എല്ലാ ടിടിഡി ക്ഷേത്രങ്ങളിലേക്കും അന്നസേവ പാരമ്പര്യം വ്യാപിക്കുക എന്ന തെലങ്കാന മുഖ്യമന്ത്രിയുടെ വീക്ഷണത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും റിലയൻസ് പത്രക്കുറിപ്പിൽ അറിയിച്ചു.
Mukesh Ambani visited the Guruvayur temple and donated an initial ₹15 crore for the Devaswom Multi-Speciality Hospital. He also promised Vantara-style care for the temple elephants.