ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ഊർജ സംഭരണ സംവിധാനം (BESS) ഒരുക്കാൻ അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ഡയിൽ അടുത്ത വർഷം മാർച്ച് മാസത്തോടെ പദ്ധതി കമ്മിഷൻ ചെയ്യും. ലോകത്തിൽ തന്നെ ഒരു സ്ഥലത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ബെസ് സംവിധാനമായിരിക്കും ഇതെന്ന് കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പുതിയ പദ്ധതിക്ക് 1126 മെഗാവാട്ട് (MW) വൈദ്യുതി ശേഷിയും 3530 MWh ഊർജ സംഭരണ ശേഷിയുമുണ്ടാകും. 1126 മെഗാവാട്ട് വൈദ്യുതി ഏകദേശം മൂന്ന് മണിക്കൂറോളം സംഭരിച്ച് വിതരണം ചെയ്യാൻ സംവിധാനത്തിലൂടെ സാധിക്കും. നൂതന ലിഥിയം-അയൺ ബാറ്ററി സാങ്കേതികവിദ്യയും സ്മാർട്ട് എനർജി മാനേജ്‌മെന്റ് സംവിധാനങ്ങളുമാണ് പദ്ധതിക്കായി ഉപയോഗിക്കുക.
2027 മാർച്ച് മാസത്തോടെ ബെസ് ശേഷി 15 ജിഗാവാട്ടായി ഉയർത്തും. പിന്നീട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശേഷി 50 ജിഗാവാട്ട് ആയി വർധിപ്പിക്കാനും പദ്ധതിയുണ്ട്. 700ൽ അധികം ബാറ്ററി കണ്ടെയ്നറുകൾ ഉപയോഗിക്കുന്ന സംവിധാനം ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും 24 മണിക്കൂർ വൈദ്യുതി വിതരണത്തിനും സഹായിക്കും.
ഇതോടെ സൗരോർജവും സംഭരണ സൗകര്യവും സംയോജിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ഊർജ കേന്ദ്രമായി ഖാവ്ഡ മാറുമെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. ഊർജമേഖലയിൽ കാർബൺ ബഹിർമനം കുറക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും പുതിയ നീക്കം ശക്തി പകരുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
Adani Group announces plans to develop India’s largest Battery Energy Storage System (BESS) in Khavda, Gujarat, with a capacity of 1126 MW and 3530 MWh. The lithium-ion–based project will enhance grid stability and accelerate India’s clean energy transition.