വ്യവസായ സംരംഭകർക്ക് സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമത്. തുടർച്ചായായി രണ്ടാം തവണയാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്. ഉന്നത ശ്രേണിയായ ഫാസ്റ്റ് മൂവേഴ്സിൽ – ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ( Business Reforms Action Plan+ Reduction of Compliance Burden)- ൽ ഉൾപ്പെട്ട കേരളം പദവി നിലനിർത്തുകയായിരുന്നു

കേരളത്തിനുള്ള പുരസ്ക്കാരം വ്യവസായ മന്ത്രി പി രാജീവ് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്ന് ഏറ്റുവാങ്ങി. കേരളത്തെ മന്ത്രി പൂയൂഷ് ഗോയൽ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ ബിസിനസ് ആക്ഷൻ റീഫോംസിനൊപ്പം നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് കേരളം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു.

മൂന്ന് ക്യാറ്റഗറി ആയിട്ടാണ് സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും മികവിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാപ്രദേശും കർണാടകയും ഫാസ്റ്റ് മൂവർ ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. അഡ്വാൻസ് ടെക്നോളജി നിക്ഷേപമേഖലയായി ലോകമാകെ നമ്മുടെ കേരളത്തെ കാണുന്ന ഈ ഘട്ടത്തിൽ ഈ നേട്ടം കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നമ്മളെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
കേന്ദ്ര വാണിജ്യ–-വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ 2020 ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2021 ൽ 13 പടികൾ കയറി കേരളം 15-ാമത് എത്തി. 2022–23 വർഷത്തെ പട്ടികയിൽ ഒറ്റയടിക്ക് 14 പടികൾ കയറിയാണ് കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
വ്യവസായ പരിഷ്ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്.
കേന്ദ്രം നിർദേശിച്ച 434 റിഫോംസുകളിൽ 430 എണ്ണവും നടപ്പാക്കിയ കേരളം ആകെ 99.3 റിഫോംസും നടപ്പാക്കിയെന്ന് വ്യവസായമന്ത്രി പി രാജീവ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ ഫാസ്റ്റ് മൂവേഴ്സ്, ആസ്പിരന്റ്സ്, ആസ്പേഴ്സ് എന്നീ മൂന്നുവിഭാഗങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഉന്നത ശ്രേണിയായ ഫാസ്റ്റ് മൂവേഴ്സിൽ ഉൾപ്പെട്ട കേരളം പദവി നിലനിർത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൃത്യമായി നടക്കുകയും എല്ലാ വകുപ്പും വ്യവസായ വളർച്ചയ്ക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്തത് കേരളത്തിന്റെ നേട്ടത്തെ ഒരു ടീം വർക്കിന്റെ വിജയമാക്കി മാറ്റുകയാണ് എന്നും പി രാജീവ് പറഞ്ഞു .
Kerala retains its top spot in the ‘Fast Mover’ category of the Ease of Doing Business ranking, completing 99.3% of central government reforms.
