പശുവില്ലാതെ പാല് നിര്‍മിക്കുകയാണ് ഇസ്രയേലില്‍ നിന്നുള്ള ഫുഡ്-ടെക് സ്റ്റാര്‍ട്ടപ് ആയ റെമിൽക്ക് (Remilk). ലാബിൽ ഉത്പാദിപ്പിച്ച പാൽ വിൽപന അടുത്ത വർഷം മുതൽ ആരംഭിക്കുമെന്ന് റെമിൽക്ക് അറിയിച്ചു. ഗാഡ് ഡയറീസുമായുള്ള (Gad Dairies) പങ്കാളിത്തത്തോടെയാണ് ഉത്പന്നം വിപണിയിലെത്തുക.

“പശു രഹിത” പാലാണ് നിർമിക്കുന്നതെങ്കിലും അവയുടെ രുചി പാലുത്പന്നത്തിന്റേതു തന്നെയാണെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ശതമാനം കൊഴുപ്പുള്ള പാലും വാനില ഫ്ലേവർഡ് പതിപ്പും ന്യൂ മിൽക്ക് എന്ന ലേബലിൽ അടുത്ത വർഷം ജനുവരി മുതൽ ലഭ്യമാകും. ഇവ രണ്ടും ലാക്ടോസ്-കൊളസ്ട്രോൾ രഹിതമാണെന്നും ആൻറിബയോട്ടിക്കുകളോ ഹോർമോണുകളോ ഇല്ലാതെ നിർമിച്ചതാണെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി. കഫേകൾക്കും റസ്റ്റോറന്റുകൾക്കുമായി പ്രത്യേക ‘ബാരിസ്റ്റ’ ലൈനും വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
സോയ, ആൽമണ്ട് മിൽക്ക് പോലുള്ള മറ്റ് പാൽ ബദലുകളുടെ വിലയ്ക്ക് സമാനമായിരിക്കും ഇവയുടെ വിലയെന്നും കമ്പനി പറയുന്നു. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായി, ഇത് “യഥാർത്ഥ” പാലുത്പന്നമാണെന്നും, പശുക്കളെ ഇതിൽ ഉൾപ്പെടുത്തുന്നില്ല എന്നതു മാത്രമാണ് വ്യത്യാസമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. പശുവിൻ പാലിൽ കാണപ്പെടുന്നതിന് സമാനമായ യഥാർത്ഥ പാൽ പ്രോട്ടീനുകളായ കസീൻ, വേ എന്നിവ ഉപയോഗിച്ച് ലാബിൽ പാൽ ഉത്പാദിപ്പിക്കുന്നത്.
Israeli food-tech startup Remilk will launch its lab-grown, cow-free “New Milk” with Gad Dairies next January, claiming real dairy taste without lactose or cholesterol.
