സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളിൽ ആപ്പ് അധിഷ്ഠിത ടാക്സി ഡ്രൈവർമാരും പ്രാദേശിക ഡ്രൈവർമാരും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരികയാണ്. ഇതിനിടയിൽ കേരളം സ്വന്തം റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ കേരള സവാരി ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

കേരള സവാരിയുടെ നവീകരിച്ച പതിപ്പ് റൈഡർമാർക്കും ഡ്രൈവർമാർക്കും കൂടുതൽ സ്ഥിരതയുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. സ്വകാര്യ അഗ്രഗേറ്റർമാർ ജനങ്ങൾക്കിടയിൽ ആധിപത്യം തുടരുന്ന സമയത്ത് പുതിയ സവിശേഷതകൾ ചേർക്കുകയും സേവനങ്ങൾ വിപുലീകരിക്കുകയും പൊതുജന വിശ്വാസം വളർത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നവീകരിച്ച പതിപ്പിലൂടെ ലക്ഷ്യമിടുന്നത്.
കേരള സവാരി 2.0 നിരവധി പുതിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വികസിപ്പിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, അവരുടെ സുരക്ഷാ ആപ്ലിക്കേഷനായ പോൾ-ആപ്പിനെ പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കുന്നതിനായി സർക്കാർ കേരള പോലീസുമായി സഹകരിച്ചിട്ടുണ്ട്. അതിരാവിലെയോ രാത്രി വൈകിയോ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായാണിത്.
റിപ്പോർട്ട് പ്രകാരം, ഡിസംബറോടെ പോൾ-ആപ്പ് സംയോജനം സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അപ്ഡേറ്റ് പുറത്തിറങ്ങിക്കഴിഞ്ഞാൽ, വനിതാ റൈഡേഴ്സിന് ബുക്കിംഗ് സമയത്ത് മൂന്ന് അടിയന്തര കോൺടാക്റ്റുകൾ ആപ്പിനുള്ളിൽ സേവ് ചെയ്യാൻ കഴിയും. ലളിതമായ ഇൻ-ആപ്പ് ചാറ്റ് സവിശേഷതയിലൂടെ അവർക്ക് റൈഡ് സ്റ്റാറ്റസിനെക്കുറിച്ച് അടുത്ത കോൺടാക്റ്റുകളെ അപ്ഡേറ്റ് ചെയ്യാനും കഴിയും.
സുരക്ഷയ്ക്ക് പുറമേ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാനും അധികാരികൾ ശ്രമം നടത്തുന്നുണ്ട്. തിരക്കേറിയ യാത്രാ സീസണുകളിൽ അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരവധി സന്ദർശകർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി, കേരള സവാരി ആപ്പിനുള്ളിൽ ഇക്കോ-ടൂറിസം യാത്രാ പാക്കേജുകൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. വനം വകുപ്പുമായി സഹകരിച്ച് ഇവ വികസിപ്പിക്കും.
കേരള സവാരി 2.0 പ്രാദേശിക വിപണിയിൽ ചില പ്രകടമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ആപ്പ് പുനരാരംഭിച്ചതിനുശേഷം സ്വകാര്യ അഗ്രഗേറ്റർമാർ നിരക്ക് കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ, പ്രധാനമായും കൊച്ചിയിലും തിരുവനന്തപുരത്തും സേവനം ലഭ്യമാണ്. റിപ്പോർട്ട് പ്രകാരം കൊച്ചിയിൽ ഏകദേശം 19820 ഡ്രൈവർമാരും തിരുവനന്തപുരത്ത് ഏകദേശം 4200 ഡ്രൈവർമാരുമുണ്ട്.
കേരള സവാരി, ഓല, ഉബർ എന്നിവയാണ് നിലവിൽ സംസ്ഥാനത്തെ മൂന്ന് പ്രധാന യാത്രാ ഓപ്ഷനുകൾ. പക്ഷേ ഓരോന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. സർക്കാർ പിന്തുണയുള്ള ഏക പ്ലാറ്റ്ഫോമാണ് കേരള സവാരി. ഇതിൽ കമ്മീഷൻ സാധാരണയായി ഏകദേശം 8 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഓലയുടേയും ഊബറിന്റേയും 20-40 ശതമാനത്തേക്കാൾ ഇത് വളരെ കുറവാണ്. എന്നാൽ ചില പ്രദേശങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ സേവനം പരിമിതമാണ് എന്ന പോരായ്മയുണ്ട്.
കേരളത്തിലുടനീളം വിപുലമായ കവറേജ് നൽകുന്നത് ഓലയും ഉബറുമാണ്. അവരുടെ ആപ്പുകൾ ദൈനംദിന ഉപയോക്താക്കൾക്ക് കൂടുതൽ പരിചിതമാണ്. കൂടാതെ പ്രധാന നഗരങ്ങളിൽ വാഹനങ്ങൾ സാധാരണയായി വേഗത്തിൽ ലഭ്യമാകും. എന്നാൽ അപ്രതീക്ഷിത റദ്ദാക്കലുകൾ, നിരക്കുകൾ മാറ്റൽ, തിരക്കേറിയ സമയത്ത് ഉയർന്ന നിരക്കുകൾ എന്നിങ്ങനെയുള്ള പതിവ് പരാതികൾ നിലനിൽക്കുന്നു.
നഗരത്തിനുള്ളിൽ 5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ചെറിയ യാത്രയ്ക്ക്, കേരള സവാരി സാധാരണയായി ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിൽ ഒന്നാണ് വാഗ്ദാനം ചെയ്യുന്നത്. നിരക്കുകൾ കൂടുതലും 40 രൂപയ്ക്കും 60 രൂപയ്ക്കും ഇടയിലാണ്. പ്ലാറ്റ്ഫോമിൽ സ്ഥിരവും നിയന്ത്രിതവുമായ വിലനിർണയം പിന്തുടരുന്നതിനാൽ, തിരക്കേറിയ സമയങ്ങളിൽ പോലും വർധനയുണ്ടാകില്ല. വെയ്റ്റിങ് ചാർജും വളരെ കുറവാണ്.
അതേസമയം 5 കിലോമീറ്റർ ദൂരത്തിന്, ഓലയും ഉബറും സാധാരണയായി 70 മുതൽ 110 രൂപ വരെയാണ് നിര്കക് നിശ്ചയിക്കുന്നത്. പീക്ക് ഡിമാൻഡ് സമയത്ത്, രണ്ട് പ്ലാറ്റ്ഫോമുകളും സർജ് പ്രൈസിംഗ് ഉള്ളതിനാൽ നിരക്ക് ഉയരാം. ഇത് അന്തിമ നിരക്ക് വളരെ ഉയർന്നതാക്കുന്നു. 1 മുതൽ 2 രൂപ വരെ വെയ്റ്റിങ് ചാർജുമുണ്ട്.
Kerala is upgrading its own ride-hailing platform, Kerala Savaari 2.0, with Pol-App integration and lower commissions (8%) to compete with Ola/Uber, focusing on safety and regulated fares in tourist hubs.
