ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി ടൂറിസം മേഖലയിലെ പ്രധാന സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (KTMS). സംസ്ഥാനത്തെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രീതികളിൽ നടക്കുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൊച്ചി, കുമരകം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസ സൗകര്യം ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ സഞ്ചാരികളെ ലക്ഷ്യമിട്ട് ഹോട്ടൽ ജീവനക്കാരെന്ന് നടിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ക്യാൻസലേഷൻ ഭീഷണികളോ പ്രീമിയം റൂം അപ്ഗ്രേഡ് വാഗ്ദാനം ചെയ്യുകയോ ചെയ്ത്, ക്യൂആർ കോഡുകളും വ്യാജ ലിങ്കുകളും അയച്ച് പണം ഈടാക്കുന്നതാണ് പ്രധാന തട്ടിപ്പ് രീതി.
ഏതെങ്കിലും പേയ്മെന്റ് അല്ലെങ്കിൽ അപ്ഗ്രേഡ് അഭ്യർത്ഥന ലഭിച്ചാൽ, ഹോട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ നേരിട്ട് വിളിച്ച് സ്ഥിരീകരിക്കണമെന്ന് കെടിഎംഎസ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിലെ ടൂറിസം മേഖല വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യവസായത്തിന് ഗൗരവമായ ഭീഷണിയാണെന്നും കെടിഎംഎസ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
KTMS warns domestic and international tourists about a rise in online hotel booking scams in Kerala (Kochi, Kumarakom). Tourists are advised to verify payment requests and links directly through official hotel contacts to avoid QR code fraud.
