സംരംഭകലോകം ഒന്നിക്കുന്ന ടൈക്കോൺ കേരള 2025 ന് തുടക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക – ബിസിനസ്–സ്റ്റാർട്ടപ്പ് സമ്മേളനമായ ടൈകോൺ കേരള കുമരകം ദി സൂരിയിൽ ആണ് നടക്കുന്നത്.

കാവിൻ കെയർ (CavinKare) ചെയർമാൻ സി.കെ. രംഗനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിസിനസിൽ അടിത്തറയാണ് പ്രധാനമെന്ന് രംഗനാഥൻ പറഞ്ഞു,സംരംഭകയാത്രയിലെ ആകസ്മിക വളർച്ചയല്ല യഥാർത്ഥ വിജയം. തുടർച്ചയായ ചിന്തയുടെയും, ഉൾക്കാഴ്ചയുടെയും അച്ചടക്കമുള്ള പ്രവർത്തനത്തിന്റെയും ഫലമാണതെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസം, ധൈര്യം, പഠന മനോഭാവം എന്നിവയാണ് പ്രാരംഭ വിജയത്തെ നിർണയിക്കുന്നതെന്നും, തങ്ങൾ ഏത് ഘട്ടത്തിലാണ് തടസ്സപ്പെട്ട് നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ബോധപൂർവ്വം മുന്നോട്ട് നീങ്ങണമെന്ന് അദ്ദേഹം സംരഭകരോട് അഭ്യർത്ഥിച്ചു.
“സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ്” എന്ന പ്രമേയത്തിലാണ് സംസ്ഥാനത്തെ സംരംഭകരും സ്റ്റാർട്ടപ്പുകളും രാജ്യത്തെ നിരവധി വ്യവസായികളും, മുൻനിര ബിസിനസ്സുകാരും നിക്ഷേപകരും മെന്റർമാരും ഒരുമിക്കുന്നത്.
സംസ്ഥാനം വ്യവസായത്തിൽ ഏറെ മുന്നിലാണെന്ന് KSIDC ചെയർമാൻ സി. ബാലഗോപാൽ പറഞ്ഞു. 2000 മുതൽ ജിഎസ്ഡിപി ആറിരട്ടിയായി വളർന്നതും പ്രതിശീർഷ വരുമാനം 1,000 ഡോളറിൽ നിന്ന് 12,000 ഡോളറിലേയ്ക്ക് ഉയർന്നതും വസ്തുതയാണ്. ദാരിദ്ര്യം 0.5 ശതമാനമായി താഴ്ന്ന കേരളം ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ഉപഭോക്തൃ വിപണികളിലൊന്നാണ് എന്നതും വിസ്മരിക്കരുത്, അദ്ദേഹം പറഞ്ഞു. സംരംഭകർ നിരാശ മനോഭാവം ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ ആന്തരികമായ ശക്തിയും ഡിജിറ്റൽ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ബാലഗോപാൽ അഭ്യർത്ഥിച്ചു.
അടുത്ത തലമുറയിലെ സംരംഭകരെ വളർത്തിയെടുക്കുക എന്ന സംഘടനയുടെ കാഴ്ചപ്പാടാണ് ടൈകോൺ കേരള 2025 മുന്നോട്ട്
വെക്കുന്നതന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. “സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും ബിസിനസ് രീതികൾ പൊളിച്ചെഴുതുന്ന കാലമാണിത്. ടൈകോൺ വഴി, സംസ്ഥാനത്തെ യുവസംരംഭകരെ അതിനൂതന ഡിജിറ്റൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഗോളതലത്തിൽ അവസരങ്ങൾ ഉപയോഗപ്പെടുത്താനും, ശരിയായ നെറ്റ്വർക്കുകൾ കണ്ടെത്തുവാനും ടൈക്കോൺ അവസരമൊരുക്കും ,” അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ടൈകോൺ സുസ്ഥിരതയും വളർച്ചയും മുൻഗണന നൽകുന്നതാണെന്ന് വൈസ് പ്രസിഡന്റും ടൈകോൺ 2025 ചെയർമാനുമായ ഡോ. ജീമോൻ കോര പറഞ്ഞു.
പ്രമുഖ നിക്ഷേപകരുമായി നവ സംരംഭകരെ ബന്ധിപ്പിക്കുന്ന ടൈ കേരള ക്യാപിറ്റൽ കഫേ ഫൈനലിൽ രണ്ട് സംരംഭങ്ങൾ ശ്രദ്ധ നേടി. പരിസ്ഥിതി സൗഹൃദ മെറ്റേണിറ്റി പാഡുകളും ബേബി വൈപ്പുകളും നിർമിക്കുന്ന ഫെമിക്യൂറ ഹെൽത്ത് ടെക്ക്, അഞ്ച് മുതൽ പതിനഞ്ച് വയസ്സുകാരുടെ ശ്രദ്ധയും ഏകാഗ്രതയും ശക്തിപ്പെടുത്തുന്ന, ലോകത്തിലെ ഏറ്റവും വലിയ ചെസ് പഠന പ്ലാറ്റ്ഫോമായ എയ്റ്റ് ടൈംസ് എയ്റ്റ് (Eight Times Eight) എന്നിവയാണത്.
അപെക്സ് ഹോസ്പിറ്റൽസ് ഡയറക്ടറും ടൈ ഗ്ലോബൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവുമായ ഷീനു ജാവർ; ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോൺ കേരള 2025 ചെയറുമായ ഡോ. ജീമോൻ കോര, സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട്, മുൻ ടൈ കേരള പ്രസിഡന്റുമാരായ ദാമോദർ അവനൂർ, ജേക്കബ് ജോയ് എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.
